കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ നാളെ നടക്കാനിരുന്ന ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിൻ്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.
അതേസമയം ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപെടെ 4 പേരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുൻ ഭാര്യ മഞ്ജുവാര്യറും ഇന്നലെ രംഗത്തെത്തിയിരുന്നു. വിധിയിൽ അദ്ഭുതമില്ലെന്ന് അതിജീവിതയും നീതി ലഭിച്ചില്ലെന്ന് മഞ്ജുവാര്യറും പ്രതികരിച്ചിരുന്നു. ഇരുവരുടേയും പരസ്യപ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂവെന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.



















































