ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും (കെസിആർ) അദ്ദേഹത്തിന്റെ അനന്തരവനും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നൽകിയ സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു. നാഗവെല്ലി രാജലിംഗ മൂർത്തി(49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഒരുസംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പോലീസ് സൂപ്രണ്ട് കിരൺ ഖരെ പറഞ്ഞു. അതേ സമയം മൂർത്തി കൊടുത്ത കേസ് കോടതി പരിഗണിക്കുന്നതിന്റെ തലേദിവസമാണ് മൂർത്തി കൊല്ലപ്പെട്ടത്.
‘സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചു. കൊലപാതക ലക്ഷ്യത്തെ കുറിച്ച് കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചിട്ടുണ്ട്’, എസ്പി വ്യക്തമാക്കി. മൂർത്തിയുടെ മരണത്തിൽ അഞ്ചുപേർക്കെതിരേയാണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും ഹരീഷ് റാവുവിനുമെതിരെ കാളേശ്വരം ജലസേചന പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ട് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 2023-ൽ നാഗവെല്ലി രാജലിംഗ മൂർത്തി പരാതി നൽകിയത്. കെസിആർ, ഹരീഷ് റാവു, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കോടികൾ ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആദ്യം ഭൂപാലപള്ളി പോലീസിൽ പരാതി നൽകിയെങ്കിലും അവർ അത് സ്വീകരിച്ചില്ല. തുടർന്ന് ഇദ്ദേഹം പ്രദേശിക കോടതിയെ സമീപിക്കുകയായിരുന്നു.2024 ഡിസംബറിൽ കെസിആറും ഹരീഷ് റാവുവും കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. 2014 മുതൽ 2023 വരെ ചന്ദ്രശേഖര റാവു ആയിരുന്നു തെലങ്കാന മുഖ്യമന്ത്രി.