തൃശൂർ: വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരികെ വീട്ടിലെത്തിച്ച യുവാവ് ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പന്‍കുന്ന് വടക്കേക്കര വീട്ടില്‍ ജോര്‍ജിന്റെയും മേരിയുടെയും മകന്‍ ലിന്റോ (41) ആണ് ആത്മഹത്യ ചെയ്തത്. ഡ്രൈവറാണ്. പോലീസിന്റെ മാനസീകപീഡനം മൂലമാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടെന്നും പേടിയാകുന്നുവെന്നും സുഹൃത്തിനോട് ലിന്റോ പറഞ്ഞിരുന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഒക്ടോബര്‍ 13-ന് രാത്രി ഒന്‍പതോടെയാണ് പോലീസ് വാഹനത്തില്‍ ലിന്റോയെ കൂട്ടിക്കൊണ്ടുപോയത്.
വെട്ടുകേസുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് മനസ്സിലാക്കാനുണ്ടെന്നും പ്രതിയുടെ വീട് കാണിച്ചുതരാമോയെന്നും പോലീസ് ചോദിക്കുകയായിരുന്നു. വീടു കാണിച്ചുതരാമെന്നു പറഞ്ഞാണ് വാഹനത്തില്‍ കയറിപ്പോയത്. ഉടനെ കൊണ്ടുവിടാമെന്നും പോലീസ് വീട്ടുകാരോട് പറഞ്ഞിരുന്നു. രാത്രി ഒന്നേകാലിനാണ് തിരികെ വീട്ടിലെത്തിച്ചത്. പോലീസ് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ചശേഷം ലിന്റോ വലിയ മാനസികസമ്മര്‍ദത്തിയാലിരുന്നു. എന്ത് സംഭവിച്ചെന്ന വീട്ടുകാരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയും മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുനടക്കുകയായിരുന്നുവെന്നും പിതാവ് ജോര്‍ജ് പറഞ്ഞു. പ്രതിയോ സാക്ഷിയോ അല്ലാത്തയാളെ രാത്രി വീട്ടില്‍ വന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാതിരുന്നതും എന്തിനാണെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
പ്രതിയെ കാണിച്ചുകൊടുത്തത് ലിന്റോ ആണെന്നുള്ള ഭീഷണി ചിലരുടെ ഭാഗത്തുനിന്നുണ്ടായെന്നും പറയുന്നു. അന്വേഷണം നടത്താമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു പറഞ്ഞായിരുന്നു ചെമ്പന്‍കുന്നിലെ വീട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം. വെള്ളിക്കുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്‍ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ഡിവൈഎസ്പി അന്വേഷണം നടത്തുമെന്ന് വാര്‍ഡ് അംഗം ജോഫിന്‍ ഫ്രാന്‍സിസിന് ഉറപ്പുനല്‍കിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നാട്ടുകാര്‍ സമ്മതിച്ചത്.