വാഷിങ്ടണ്‍: യുഎസില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ടിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ എന്ന 71-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍വംശജനായ വരുണ്‍ സുരേഷി(29)നെ പോലീസ് അറസ്റ്റ് ചെയ്തു.ഒരു ലൈംഗിക കുറ്റവാളിയെ കൊലപ്പെടുത്തുകയെന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നും അതാണ് നടപ്പിലാക്കിയതെന്നുമാണ് അറസ്റ്റിലായ വരുണ്‍ സുരേഷ് പോലീസിന് നല്‍കിയ മൊഴി. ഇത്തരക്കാര്‍ കുട്ടികളെ വേദനിപ്പിക്കുന്നവരാണെന്നും ഇവരെല്ലാം മരണത്തിന് അര്‍ഹരാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ 1995-ല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. ഒന്‍പതുവര്‍ഷമാണ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ തടവ് അനുഭവിച്ചത്. കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മറും പ്രതിയായ വരുണ്‍ സുരേഷും തമ്മില്‍ നേരത്തേ ബന്ധമൊന്നും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ മേഗന്‍സ് ലോ ഡാറ്റാബേസില്‍നിന്നാണ് വരുണ്‍ സുരേഷ് ഡേവിഡ് ബ്രിമ്മറെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.സംഭവദിവസം പബ്ലിക് അക്കൗണ്ടന്റ് എന്ന വ്യാജേനയാണ് പ്രതി ഡേവിഡ് ബ്രിമ്മറിന്റെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വാതില്‍ തുറന്ന ഡേവിഡിനെ കണ്ടതോടെ താന്‍ തേടിയ ആള്‍ ഇതുതന്നെയാണെന്ന് പ്രതി ഉറപ്പിച്ചു.
തുടര്‍ന്ന് ഡേവിഡിന് ഹസ്തദാനം നല്‍കിയ ശേഷമാണ് പ്രതി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആക്രമണത്തിന് മുതിര്‍ന്നത്. എന്നാല്‍, ഡേവിഡ് ബ്രിമ്മര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ആദ്യം ഒരുവാഹനം തടഞ്ഞ് സഹായംതേടാന്‍ ശ്രമിച്ചെങ്കിലും ഇത് ഫലംകണ്ടില്ല. ഇതോടെ ഡേവിഡ് ബ്രിമ്മര്‍ അയല്‍വീട്ടിലെ ഗ്യാരേജിലേക്കും തുടര്‍ന്ന് അവിടെയുള്ള അടുക്കളയിലേക്കും ഓടിരക്ഷപ്പെട്ടു.
എന്നാല്‍, വരുണ്‍ സുരേഷ് ഇയാളെ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തുകയായിരുന്നു. നിങ്ങള്‍ പശ്ചാത്തപിക്കണമെന്ന് പറഞ്ഞാണ് പ്രതി ഇയാളെ കുത്തിയത്. ഡേവിഡിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമോ ദുഃഖമോ ഇല്ലെന്നായിരുന്നു അറസ്റ്റിന് ശേഷം വരുണ്‍ സുരേഷിന്റെ പ്രതികരണം. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. പോലീസ് വന്നില്ലെങ്കില്‍ താന്‍ തന്നെ പോലീസിനെ വിളിച്ചുവരുത്തുമായിരുന്നു. അയാള്‍ ഒരു പീഡോഫൈലാണെന്നും എല്ലാവരും പീഡൊഫൈലുകളെ വെറുക്കുന്നവരാണെന്നും വരുണ്‍ സുരേഷ് പറഞ്ഞു.