തിരുവനന്തപുരം: തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനൽ(36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് നാലിനായിരുന്നു സംഭവം. സമീപവാസിയായ രഞ്ജിത്തിനെ മുൻവൈരാഗ്യമുള്ള സനൽ ആക്രമിക്കുകയായിരുന്നു. വർക്കലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.റോഡിലെ കല്ലിൽ തട്ടിവീണ രഞ്ജിത്തിനെ സനൽ വീടിൻ്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തു വീണപ്പോൾ അടിവയറ്റിൽ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേൽപ്പിച്ചെന്നും പരാതിയിലെ ആരോപണം.
അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സനൽ പ്രതിയാണ്. സംഭവദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.
പിന്നീട് രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂർ പൊലീസ് സ്റ്റേഷനിലെത്തിയ സനൽ തന്നെ രഞ്ജിത്ത് മർദ്ദിച്ചതായി പരാതി നൽകി മടങ്ങി. പിന്നാലെ സനൽ ഒളിവിൽ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിനാണ് മര്‍ദനമേറ്റതെന്ന് വ്യക്തമാവുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ വര്‍ക്കലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.