കയ്റോ: വിവാഹ വേദിയിൽ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച് നവവരന്‍. ഈജിപ്തിലാണ് ദാരുണസംഭവമുണ്ടായത്. വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരന്‍ അഷ്‌റഫ് അബു ഹക്കം കുഴഞ്ഞുവീഴുകയായിരുന്നു. ഈജിപ്തിലെ പരമ്പരാഗ നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. ഈ സൈദി വടികള്‍ വിശേഷാവസരങ്ങളില്‍ എപ്പോഴും ഉപയോഗിക്കാറുണ്ട്. അതിഥികള്‍ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഹൃദയാഘാതം മൂലമാണ് അഷ്‌റഫ് അബു ഹക്കം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുകയും അഷ്‌റഫ് അബു ഹക്കമിനെ അനുസ്മരിച്ച് ഒട്ടേറെപ്പേര്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.
ജീവിതത്തില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫെന്നും ഭാവിജീവിതത്തെ ആവേശത്തോടെയാണ് അദ്ദേഹം കാത്തിരുന്നതെന്നും ഒരു സുഹൃത്ത് കുറിച്ചു. ഇതെല്ലാം മറികടക്കാനുള്ള കരുത്ത് വധുവിന് ദൈവം നല്‍കട്ടെ എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.