മാഞ്ചസ്റ്റര്‍: കുട്ടികളോട് ലൈംഗിക ചുവയോടെ ചാറ്റ് ചെയ്ത സംഭവത്തിൽ യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ കുട്ടികളെ പീഡിപ്പിക്കണമെന്ന ആഗ്രഹത്തോടെ ലൈംഗിക ചുവയിൽ ചാറ്റ് നടത്തിയത്.
മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്‌സിയില്‍ എത്തിയതോടെയാണ് ചൈൽഡ് ഓൺലൈൻ സപ്പോർട്ട് ടീം ജിതിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ജിതിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ജിതിൻ 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിൽ ജിതിൻ 11 വയസ്സിന് താഴെയുള്ള 4 കുട്ടികളുടെ പിതാവ് ആണെന്നും വെളിപ്പെടുത്തൽ ഉണ്ട്. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ജിതിൻ മൂന്ന് വർഷം മുൻപ് ആണ് യുകെയിൽ എത്തുന്നത്. നാട്ടിൽ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ജിതിന് കോടതിയില്‍ വിചാരണ പൂർത്തിയാകുന്നതോടെ ഒരു വർഷത്തിലധികം ശിക്ഷ ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

















































