കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ശക്തമായി മുന്നോട്ട് കൊമ്ടുപോകാൻ മമ്മൂട്ടിയും മോഹൻലാലും പോലുള്ള മുതിർന്ന താരങ്ങളുടെ നേതൃത്വം ആവശ്യമാണെതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് നടനും മുൻമന്ത്രിയുമായ ഗണേഷ് കുമാർ. സംഘടനയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് കണക്കുകൾ പരിശോധിച്ച ശേഷം എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താനാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
‘രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവരുടെ സൗകര്യം നോക്കി അഡ്‌ഹോക് കമ്മിറ്റി ഉടൻ ചേരും. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കും. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് സംഘടനയെ പഴയ നിലയിൽ എത്തിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തും. ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നവർക്ക് ഭരണം കൈമാറും. നിലവിലെ ഭരണസമിതിയെ പിണക്കിവിട്ടതോ അടിച്ചുപുറത്താക്കിയതോ അല്ല. ഒരു അവസരം കൂടി കൊടുക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ട ആളാണ് ഞാൻ. വനിതകളാണ്, തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തി തമ്മിലെ പിണക്കങ്ങൾ തീർത്ത് പൊരുത്തപ്പെട്ടുപോകാൻ കഴിയുമായിരുന്നു. ലാലേട്ടൻ പറഞ്ഞതുപോലെ ജനറൽ ബോഡിയുടെ തീരുമാനമാണ് അന്തിമം’, ഗണേഷ് കുമാർ വ്യക്തമാക്കി.
‘ഞാനെല്ലാം ഒഴിഞ്ഞുപോയതാണ്. ഞാനും കൂടി ചേർന്ന്, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരുപാട് കഷ്ടപ്പാട് ഉണ്ട്. ഇടവേള ബാബു, ടി.പി. മാധവൻ, എം.ജി. സോമൻ, സുരേഷ് ഗോപി എന്നിവരുടെ എല്ലാം വലിയ സംഭാവനയുണ്ട്. അങ്ങനെ കെട്ടിപ്പടുത്ത സ്ഥാപനമാണ്. അഡ്‌ഹോക് കമ്മിറ്റിയിൽ എല്ലാവരും ചെറുപ്പക്കാരാണ്. അതിൽ അനുഭവപരിചയമുള്ള ഒരാൾ ഞാനാണ്. അതുകൊണ്ടാണ് ഏറ്റെടുത്തത്. ഇല്ലെങ്കിൽ നിൽക്കില്ലായിരുന്നു. ഏഴെട്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പിനൊന്നും നിൽക്കാതെ മാറിപ്പോയ ആളാണ് ഞാൻ. നമ്മുടെ ജോലി കഴിഞ്ഞു, ഇനി വേറൊരു ജനറേഷൻ ഏറ്റെടുക്കട്ടെ എന്നായിരുന്നു’, സംഘടനയുടെ തലപ്പത്തേക്ക് വരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
‘ലാലേട്ടനോ മമ്മൂക്കയോ പോലെ ആരെങ്കിലും ഏറ്റെടുത്താൽ മാത്രമേ മുന്നോട്ടുപോകൂ എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതൊരു വലിയ പ്രസ്ഥാനമാണ്. അതിനെ പിടിച്ചുനിർത്താൻ അവരെപ്പോലുള്ളവരുടെ നേതൃപാടവത്തിന് മാത്രമേ കഴിയൂ. ഇങ്ങനെയൊരു സാഹചര്യത്തിൽ അടുത്ത പരീക്ഷണത്തിന് പോവാതെ അത്തരത്തിൽ ആരെയെങ്കിലും ക്ഷണിച്ചുകൊണ്ടുവരണം. പക്ഷേ, വിവാദങ്ങൾ ഉണ്ടായതുകൊണ്ട് ഇവർ രണ്ടുപേരും വരില്ല. അവർക്ക് പേടിയാണ്. അനാവശ്യ തലവേദന എന്തിനാണെന്ന് അവർ വിചാരിക്കും. അവരെ കുറ്റം പറയാൻ പറ്റില്ല’, ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
‘രാഷ്ട്രീയവും ജാതിയും ഒരിക്കലും അമ്മയിൽ കൊണ്ടുവന്നിട്ടില്ല. കലാകാരന് എന്ത് ജാതി, എന്ത് മതം? അങ്ങനെ പറയുന്നത് തന്നെ തെറ്റാണ്. ജാതിയും മതവുമൊന്നും ചോദിക്കാനും പറയാനും പാടില്ല. ഇത് കലാകാരന്മാരുടെ സംഘടനയാണ്. ഇവിടെ അങ്ങനെയൊരു ചർച്ച തന്നെ തെറ്റാണ്. അത് വരാതിരിക്കാൻ ഭാവിയിൽ ശ്രമിക്കണം. നടന്നോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, അത്തരം ആരോപണങ്ങൾ തന്നെ ലജ്ജാകരമാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.












































