തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിൽ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി, കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ ഇത് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
അതുപോലെ സോണിയ ഗാന്ധിക്ക് ഒപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രത്തെ സംബന്ധിച്ചും സതീശൻ വിശദീകരണം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഷെയ്ഡി ക്യാരക്റ്റർ ആണെന്ന് അന്ന് അറിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്റലിജൻസ് സൗകര്യം ഉള്ള മുഖ്യമന്ത്രി ഫോട്ടോ എടുത്തില്ലേ?. ഷെയ്ഡി കാരക്റ്റർ ആണെന്ന് അറിഞ്ഞിരുന്നേൽ മുഖ്യമന്ത്രി ഫോട്ടോ എടുക്കില്ലല്ലോ- സതീശൻ ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായതായി രാഹുൽ പരാമർശിച്ചതായുള്ള വാർത്ത വാസ്തവ വിരുദ്ധമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം പയ്യന്നൂരിൽ സിപിഎം നേതാവ്, എംഎൽഎയ്ക്കെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടും പ്രതിയെ രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ട് പോലീസിനെ അറിയിക്കാത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരേ എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല?. പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയും ആകുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നൊരുക്കം ചർച്ച ചെയ്യാനുള്ള യോഗത്തിൽ പങ്കെടുക്കില്ലെന്ന് തരൂർ മുൻകൂട്ടി അറിയിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിക്കുന്ന പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി തരൂർ അകന്നുനിൽക്കുകയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. അതിനിടെയാണ് തരൂരിന്റെം അസാന്നിധ്യം. അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തിൽ നിന്നും പിന്നോട്ട് പോയി എന്നാണ് തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































