കണ്ണൂർ: കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തുവെന്നുമുള്ള സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ തള്ളി സിപിഎം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും പാർട്ടിയെ ബഹുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് എതിരാളികൾക്ക് കടന്നാക്രമിക്കാൻ ആയുധം നൽകുന്ന കുഞ്ഞികൃഷ്ണന്റെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും സിപിഎം പറയുന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലികൈയ്യായി മാറുന്ന തരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവർത്തി. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കി.
‘വർഷങ്ങൾക്ക് മുൻപ് പാർട്ടിയിൽ ഉയർന്നുവന്ന കാര്യങ്ങൾ പാർട്ടി ചർച്ചചെയ്ത് തീരുമാനം പാർട്ടി കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്- ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചതുമാണ്. 2021 ൽ ഉയർന്നുവന്ന ആക്ഷേപത്തെ തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷൻ പരിശോധന നടത്തുകയും, കമ്മീഷന്റെ റിപ്പോർട്ട് പാർട്ടി ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് ചില സംഘടന നടപടികൾ സ്വീകരിച്ചതുമാണ്. പാർട്ടി ജില്ലാ കമ്മിറ്റിയും, പാർട്ടി പയ്യന്നൂർ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തിൽ അന്വേഷിച്ച് അതത് കമ്മിറ്റികൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഈ ചർച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്’- സിപിഎം വിശദീകരിച്ചു.
അതുപോലെ സമ്മേളനം നടക്കുന്ന ഘട്ടത്തിലും കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പുതിയ ആരോപണങ്ങൾ പാർട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷൻ അന്വേഷിക്കുകയും റിപ്പോർട്ട് ചർച്ച ചെയ്തതുമാണ്. മാത്രമല്ല വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങൾ ബോധപൂർവ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്. 8 മാസങ്ങൾക്ക് മുമ്പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് വി കുഞ്ഞികൃഷ്ണൻ തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പാർട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി കുഞ്ഞികൃഷ്ണൻ പങ്കെടുത്തതാണെന്നും സിപിഎം വെളിപ്പെടുത്തി.
അതേസമയം കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തുവെന്നുവെന്നുമാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നു പണം തട്ടി. പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ മനസിലാക്കാൻ സാധിച്ചതെന്നും അത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. യഥാർത്ഥ വരവ് പൂർണ്ണമായും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിർമ്മാണത്തിന് ചെലവായ സഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്കവതിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
















































