ചങ്ങനാശ്ശേരി: നടൻ കൃഷ്ണപ്രസാദ് മർദിച്ചുവെന്ന പരാതിയുമായി ഡോക്ടർ . കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ബി. ശ്രീകുമാറാണ് കൃഷ്ണപ്രസാദും അദ്ദേഹത്തിന്റെ സഹോദരനായ ബിജെപി കൗൺസിലറും ചേർന്ന് മർദിച്ചുവെന്ന് പരാതി നൽകിയത്. ചങ്ങനാശ്ശേരി പോലീസിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്ടറുടെ ഭാര്യക്ക് ചങ്ങനാശ്ശേരിയിൽ സ്ഥലമുണ്ട്. ഇവിടെ നിർമാണപ്രവർത്തികൾ പുരോഗമിക്കുമ്പോൾ കൃഷ്ണപ്രസാദ് തടഞ്ഞുവെന്നാണ് ആരോപണം. തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങളും ഡോക്ടർ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ ഡോക്ടറുടെ പരാതി വ്യാജമാണെന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലിനജലം ഒഴുക്കിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഇക്കാര്യം ചോദ്യം ചെയ്യുന്നതിനിടെ ഡോക്ടർ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. താൻ ആരെയും മർദിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.
















































