കോഴിക്കോട്: അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമത്തിലീടെ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ വടകര സ്വദേശി ഷിംജിത മുസ്തഫ റിമാൻഡിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് വനിതാ പോലീസുകാർ ഉൾപ്പെടുന്ന സംഘം മഫ്തിയിൽ സ്വകാര്യവാഹനത്തിൽ എത്തി ഷിംജിതയെ പിടികൂടിയത്. തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് പോലീസ് ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.
അതേസമയം ദീപക് മരിച്ചതിനു പിറ്റേദിവസം തിങ്കളാഴ്ച വൈകിട്ട് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിംജിതയ്ക്കെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ചൊവ്വാഴ്ച ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കി. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഷിംജിത കോടതിയെയും സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്.
പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷം ഷിംജിത ഒളിവിൽ പോവുകയായിരുന്നു. തുടക്കത്തിൽ ഇവർ സംസ്ഥാനം വിട്ടതായും സൂചനകൾ ലഭിച്ചിരു്നനു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഇവരെ ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ അപമാനകരമായ രീതിയിൽ പെരുമാറിയെന്നു കാട്ടിയാണ് ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തി ഷിംജിത സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതിന്റെ വിശദീകരണം എന്ന രീതിയിൽ തൊട്ടടുത്ത ദിവസം മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടു. ഇതോടെ മാനസിക സംഘർഷത്തിലായാണ് ദീപക്ക് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
തുടർന്ന് യുവതിയുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കെ. കന്യക സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കമ്മിഷണർ പരാതി മെഡിക്കൽ കോളജ് സ്റ്റേഷൻ ചുമതലയുള്ള ഡിഎസ്പിക്ക് കൈമാറി. ആത്മഹത്യാപ്രേരണ കുറ്റം ഉൾപ്പെടുന്ന പത്തുവർഷം വരെ തടവും പിഴയും ഉൾപ്പെടുന്ന ബിഎൻഎസ് 108 വകുപ്പ് പ്രകാരമാണ് ഷിംജിതയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
അതേസമയം പയ്യന്നൂരിൽ ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലായെന്നാണ് റിപ്പോർട്ട്. എന്നാൽ ബസിനുള്ളിൽ നിന്ന് ഷിംജിത പകർത്തിയ മൂന്നു വീഡിയോ ദൃശ്യങ്ങൾ ഒന്നാക്കിയാണ് ഷിംജിത വീഡിയോ പോസ്റ്റ് ചെയ്തത്.













































