ന്യൂഡൽഹി: രാജ്യത്തെ ടോൾ ശേഖരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ടോൾ നല്കാത്ത വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവ ഇനി അനുവദിക്കില്ല. ഇതിനായി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം-2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.
ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ടോൾ അടക്കാത്തത് തടയുകയുമാണ് പുതിയ നടപടികളുടെ ലക്ഷ്യം. ‘അടയ്ക്കാത്ത ടോൾ’ എന്നതിന് പുതിയ നിർവചനം നൽകിയിട്ടുണ്ട്. ടോൾ പ്ലാസയിലെ ഇലക്ട്രോണിക് സംവിധാനം ഒരു വാഹനം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടും ടോൾ ലഭിച്ചില്ലെങ്കിൽ അത് ദേശീയപാത നിയമം- 1956 അനുസരിച്ച് ടോൾ ലഭിക്കാത്ത വാഹനമാണ്.
ടോൾ കുടിശ്ശിക തീർത്തില്ലെങ്കിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനോ ആവശ്യമായ എൻഒസി അനുവദിക്കില്ല. അതുപോലെ തന്നെ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കലും നടക്കില്ല.














































