ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ഒളിത്താവളം ഇന്ത്യൻ സുരക്ഷാസേന തകർത്തു. മുപ്പതോളം ഭീകരർ ഈ മേഖലയിൽ ഒളിച്ചിരുന്നതായാണ് വിവരം. ഈ വർഷം ജമ്മു മേഖലയിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
കിഷ്ത്വാറിലെ ഛാത്രൂ മേഖലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ ട്രാഷി-1യുടെ ഭാഗമായി നടന്ന സംയുക്ത നീക്കത്തിലാണ് ഒളിത്താവളം സൈന്യം കണ്ടെത്തിയത്. പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കല്ലുകൾ നിരത്തിയാണ് ബങ്കർ നിർമിച്ചിരുന്നത്. മാസങ്ങളോളം കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങളും ഇവിടെനിന്ന് സേന കണ്ടെടുത്തിട്ടുണ്ട്. 50 പാക്കറ്റ് നൂഡിൽസ്, 20 കിലോ അരി, ഗോതമ്പ്, പരിപ്പ് വർഗങ്ങൾ, പച്ചക്കറികൾ, മസാല പാക്കറ്റുകൾ എന്നിവയ്‌ക്കൊപ്പം രണ്ട് എൽപിജി സിലിണ്ടറുകളും സ്റ്റൗവും വിറകും ഉൾപ്പെടുന്നു.
ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൈന്യം സംശയിക്കുന്നത്. നിലവിൽ ഡ്രോണുകളും സ്നിഫർ ഡോഗുകളും ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിവഴി ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് വനമേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.














































