തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻപെങ്ങുമില്ലാത്തത്ര ശ്രദ്ധാ കേന്ദ്രമാവുകയാണ് ദേവികുളം മണ്ഡലം. ഇതിനു പ്രധാനകാരണം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. രാജേന്ദ്രൻ ഇവിടെ എൻഡിഎ സ്ഥാനാർഥിയാകാനാണ് കൂടുതൽ സാധ്യത. എന്നാൽ, താൻ മത്സര രംഗത്തേക്ക് ഇല്ലെന്നാണ് രാജേന്ദ്രൻ പറയുന്നത്. മൂന്ന് പ്രാവശ്യം എംഎൽഎ ആയ ആളാണ് രാജേന്ദ്രൻ. മണ്ഡലത്തിലെ ജാതിസമവാക്യങ്ങളിൽ നിർണായകസ്ഥാനമുണ്ട്. തോട്ടംതൊഴിലാളി നേതാവായി അടിത്തട്ടിൽതന്നെ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. അതിനാൽ രാജേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലാ നേതൃത്വത്തിനും താത്പര്യമുണ്ടെന്നാണ് അറിയുന്നത്.
എന്നാൽ, മുന്നണി ആവശ്യപ്പെട്ടാലും മത്സര രംഗത്തേക്കില്ലെന്നും തന്റെ നിലപാട് അവരെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുമെന്നുമാണ് രാജേന്ദ്രൻ പറയുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്. രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സസ്‌പെൻഷൻ കാലാവധി പൂർത്തിയായെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയ്യാറായില്ല.
ഇതിനിടയിൽ രാജേന്ദ്രൻ എൻഡിഎയിലേക്ക് ചേക്കേറുകയും ചെയ്തു. രാജേന്ദ്രന്റെ കൂടുമാറ്റം മണ്ഡലത്തിൽ തങ്ങൾക്ക് യാതൊരു തിരിച്ചടിയുമല്ലെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാൽ, അത് ചുമ്മാ വാദിക്കാൻ വേണ്ടി പറയാമെന്നു മാത്രം. പറയർ, പള്ളർ സമുദായങ്ങൾക്ക് ഏറെ വോട്ടുകളുള്ള സ്ഥലമാണ് ദേവികുളം. മിക്കപ്പോഴും വിജയം നിർണയിക്കുന്നത് ഈ സമുദായങ്ങളുടെ പിന്തുണയാണ്. രണ്ടിടത്തും രാജേന്ദ്രന് സ്വാധീനമുണ്ട്. പള്ളർ വിഭാഗത്തിൽനിന്നാണ് കൂടുതൽ പിന്തുണ. അതിനാൽ എസ്. രാജേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയായാലോ, പ്രചാരണത്തിന് രംഗത്ത് ഇറങ്ങിയാലോ സിപിഎം വോട്ടുകൾ മറിയാൻ സാധ്യതയുണ്ട്.
അതുപോലെ തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി സൊസൈറ്റി രൂപവത്കരിക്കുമെന്ന് എസ്. രാജേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. തോട്ടം തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുകയാണ് ലക്ഷ്യം. ഈ വാഗ്ദാനവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 2021-ൽ 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ എ. രാജ ഇവിടെ വിജയിച്ചത്. ബിഡിജെഎസായിരുന്നു കഴിഞ്ഞ തവണ എൻഡിഎയ്ക്കുവേണ്ടി മത്സരിച്ചത്. അവർക്ക് 4712 വോട്ട് കിട്ടി. അതേസമയം ഈ തെരഞ്ഞെടുപ്പിൽ രാജേന്ദ്രൻ 10,000 വോട്ടുകൾ പിടിച്ചാൽ സിപിഎമ്മിന് ക്ഷീണമുണ്ടാകും. വിജയസാധ്യതയ്ക്ക് മങ്ങലേൽക്കും. അതോടൊപ്പം കോൺഗ്രസിനും വോട്ട് ചോർച്ചയുണ്ടായേക്കാം.















































