ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് വരുന്ന സഖാക്കൾ തേഞ്ഞൊട്ടുന്നത് സ്ഥിരം കാഴ്ചയായതുകൊണ്ട് ചില കാര്യങ്ങളിൽ വലിയ അത്ഭുതമൊന്നുമില്ല. എന്നാൽ പച്ച നുണ ഇത്ര ആത്മവിശ്വാസത്തോടെ പറയുമ്പോൾ അത് എങ്ങനെ തുറന്നു കാണിക്കാതിരിക്കാനാവും. കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിൽ ഷൈലജ ടീച്ചർ ഒരു ലക്ഷം വോട്ടിന് വടകരയിൽ തോറ്റയാളാണെന്ന് കോൺഗ്രസ് പ്രതിനിധി ഓർമിപ്പിച്ചപ്പോൾ അതിന് സിപിഎമ്മിനെ പ്രതിനിധീകരിച്ച സഖാവ് പികെ ഗോപൻ സഖാവ് അടിച്ചു വിട്ടത് ഇന്ദിരാ ഗാന്ധി ആർക്കും അറിയാത്ത ഏതോ ഒരു രാജ് നാരായണനോട് 4 ലക്ഷം വോട്ടിന് തോറ്റയാളാണ് എന്നാണ് ഗോപൻ.
ഏതായാലും സഖാവിന്റേത് കിടുക്കൻ മറുപടി ഒക്കെയാണ്. മാസാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്. 1977 ലെ തെരഞ്ഞെടുപ്പിലാണ് ഇന്ദിരാഗന്ധി ആകെ ഒരു തവണ തോറ്റിട്ടുള്ളത്. അന്ന് രാജ് നാരായൺ ഇന്ദിരാഗാന്ധിയെ തോൽപിച്ചത് അമ്പത്തയ്യായിരത്തി ഇരുന്നൂറ്റി രണ്ട് വോട്ടുകൾക്കാണ്. അന്ന് ആ മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ട് തന്നെ മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നൂറ്റി ഇരുപത്തി രണ്ടാണ്. ഇതാണ് വസ്തുതയെന്നിരിക്കെയാണ് ഗോപൻ സഖാവ് 4 ലക്ഷത്തിന് തോറ്റയാളുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന മാസ് ഡയലോഗ് അടിക്കുന്നത്.
ഇനി ഏതോ ഒരു രാജ് നാരായണനോട് തോറ്റു എന്നാണ് സഖാവ് പറയുന്നത്. പക്ഷെ ഏതോ രാജ് നാരായണനല്ല അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയും ഇന്ദിരാഗാന്ധിയെ തോൽപിക്കുന്നതിനു മുമ്പേ തന്നെ രണ്ടു തവണ രാജ്യസഭ എംപിയും ആയിരുന്ന ആളായിരുന്നു രാജ് നാരായണൻ ആണ്. കുറഞ്ഞ പക്ഷം ഇന്ദിരാ ഗാന്ധിയെ തോൽപിച്ചതിന്റെ പേരിൽ സഖാക്കൾ ആവേശത്തോടെ ഓർക്കുന്ന പേര് കൂടിയല്ലേ അത്. ഒരു കാര്യം കൂടി പറഞ്ഞാലേ ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിലെ ആ തോൽവിയുടെ കഥ പൂർണ്ണമാകൂ.
1977 ൽ അമ്പത്തയ്യായിരം വോട്ടിന് തോറ്റ മണ്ഡലം 1980 ൽ ഇന്ദിരാഗാന്ധി ഒന്നേമുക്കാൽ ലക്ഷം വോട്ടിന് തിരിച്ച് പിടിക്കുക കൂടി ചെയ്തിരുന്നു. അന്ന് ആകെയുള്ള മൂന്ന് ലക്ഷത്തി എൺപത്തിനാലായിരം വോട്ടിൽ രണ്ടു ലക്ഷത്തി ഇരുപത്തിമൂന്നായിരവും ഇന്ദിരാഗന്ധിയാണ് നേടിയത്. അല്ലെങ്കിലും ഗോപൻ സഖാവിനെ കുറ്റം പറയേണ്ട കാര്യമില്ല. സഖാക്കളുടെ ചരിത്രബോധവും കണക്കുകളും സത്യസന്ധതയും ഒക്കെ ഈ നിലവാരത്തിലുള്ളത് തന്നെയല്ലേ എന്നും. ഒരുളുപ്പുമില്ലാതെ പച്ച നുണ ആധികാരികതയോടെ വിളമ്പാൻ അവരെ കഴിഞ്ഞേ ആരുമുള്ളൂതാനും.












































