കൊച്ചി: കോൺഗ്രസ് പാർട്ടിയുടെ നയമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഈ കാലഘട്ടത്തിൽ വർഗീയതയ്‌ക്കെതിരെ പോരാട്ടം ആവശ്യമാണെന്നും എല്ലാ മതസംഘടനകളേയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യമെന്നും ചെന്നിത്തല പറഞ്ഞു. എൻഎസ്എസ്, എസ്എൻഡിപി ജനറൽ സെക്രട്ടറിമാർ വി.ഡി. സതീശനെ വിമർശിച്ചതിനോടു ആലുവയിൽ വച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലൊക്കെ വലിയ സംഭാവനകൾ നൽകിയിട്ടുള്ള പ്രസ്ഥാനങ്ങളാണ് എൻഎസ്എസും എസ്എൻഡിപിയും. എൻഎസ്എസും–എസ്എൻഡിപിയും യോജിക്കുന്നതിൽ ഒരു തെറ്റുമില്ല. എല്ലാ മതസംഘടനകളും യോജിപ്പോടെ മുന്നോട്ടു പോകുന്നത് നല്ലതാണ്. ഞാൻ എല്ലാക്കാലത്തും മതേതര നിലപാടുകളുമായി മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂ. ഇവരോടൊക്കെ താൻ പിണങ്ങിയിട്ടുമുണ്ട്, ഇണങ്ങിയിട്ടുമുണ്ട്. ഇപ്പോൾ വാക്കുതർക്കങ്ങൾ ഒഴിവാക്കിക്കൊണ്ട് യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം’’, ചെന്നിത്തല പറഞ്ഞു.
അതുപോലെ എല്ലാ മതസംഘടനകളേയും ഉൾക്കൊണ്ടു പോകുന്ന സമീപനമാണ് കോൺഗ്രസ് എല്ലാക്കാലത്തും പിന്തുടർന്നിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് സാമുദായിക നേതാക്കൾ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 9 വർഷം എൻഎസ്എസ് അകന്നു നിന്നിട്ടുണ്ട്. എസ്എൻഡിപിയും അകന്നു നിന്നിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊണ്ടു മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.















































