തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ സ്വന്തം തട്ടകത്തിൽ കയറി മലർത്തിയടിച്ച്, സ്വർണക്കപ്പ് തൂക്കി കണ്ണൂർ. 1,023 പോയിൻറുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിൻറുകളുമായി തൃശൂർ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് ഇത്തവണ കണ്ണൂർ തിരിച്ചുപിടിച്ചത്.
249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകൾ നേടി കണ്ണൂർ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നിൽ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂർ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തിൽ കപ്പ് കണ്ണൂർ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയ്ക്ക് നടൻ മോഹൻലാൽ സ്വർണക്കപ്പ് സമ്മാനിക്കും. വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.
അതേസമയം 23 വർഷത്തിനുശേഷമാണ് 117.5 പവന്റെ സ്വർണക്കപ്പിൽ കണ്ണൂർ വീണ്ടും മുത്തമിടുന്നത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിൻറാണ് കോഴിക്കോട് ജില്ലയ്ക്കുള്ളത്. സ്‌കൂൾ തലത്തിൽ മുന്നിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറിയാണ് (249 പോയിന്റ് ). തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത് (116 പോയിന്റ്).















































