മുംബൈ: അഭിമുഖത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ വിവാദ പരാമർശം നടത്തിയ ബോളിവുഡ് നടി ഖുഷി മുഖർജിക്കെതിരെ നിയമനടപടിക്കു നീക്കം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസൻ അൻസാരി 100 കോടി രൂപയുടെ അപകീര്‍ത്തി കേസാണ് ഖുഷിക്കെതിരെ ഫയൽ ചെയ്തത്.
ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയായിരുന്നു സൂര്യകുമാർ യാദവ് ഒരുപാട് മെസേജുകൾ അയക്കാറുണ്ടെന്നും ഒരു ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാൻ താൽപര്യമില്ലെന്നും ഖുഷി വെളിപ്പെടുത്തിയത്. നടിയുടെ പ്രതികരണം വിവാദമായതോടെ, സൂര്യയുമായി ഉണ്ടായത് വെറും സൗഹൃദം മാത്രമാണെന്നു ഖുഷി വിശദീകരിച്ചിരുന്നു. ഖുഷിയുടെ അവകാശ വാദങ്ങൾ വ്യാജവും സൂര്യകുമാർ യാദവിനെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതുമാണെന്ന് അൻസാരി ഖാസിപുർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ബോളിവുഡ് നടിയുടെ വെളിപ്പെടുത്തലിൽ സൂര്യകുമാർ യാദവ് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ‘ഖുഷി മുഖര്‍ജിക്കെതിരെ എത്രയും പെട്ടെന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യണം. അതാണു ഞങ്ങളുടെ ആവശ്യം. ഈ വിഷയം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. നീതി ലഭിക്കണമെന്നതാണ് എന്റെ ആവശ്യം. അതിനായി ഏതറ്റം വരെയും പോകും.’’– അൻസാരി മാധ്യമങ്ങളോടു പ്രതികരിച്ചു.












































