പേരാവൂർ: കണ്ണൂർ പേരാവൂരിൽ സിപിഎം സമരത്തിൽ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞ് തൊഴിലുറപ്പ് പണിക്കെത്തിയ ആദിവാസി വയോധികയെ തൊഴിൽ ചെയ്യാൻ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയ്ക്കാണ് തൊഴിലെടുക്കാനാവാതെ മടങ്ങേണ്ടി വന്നത്. വെളളിയാഴ്ച്ച രാവിലെയാണ് സംഭവം.
വ്യാഴാഴ്ച്ച കണ്ണൂർ നഗരത്തിൽ തൊഴിലുറപ്പ് ഭേദഗതിക്കെരെ സിപിഎം സമരം നടത്തിയിരുന്നു. അതിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാൽ മൂന്ന് ദിവസമായി ജോലിക്കും വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്. തൊഴിലാളികൾ എല്ലാവരും ചേർന്ന് എടുത്ത തീരുമാനമെന്ന് തൊഴിലുറപ്പ് മേറ്റും പറഞ്ഞു.
സംഭവം വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുളളുവെന്നും അതിനാലാണ് കുറച്ചുപേരെ മാറ്റി നിർത്തിയതെന്നും മേറ്റ് വിശദീകരിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പേരാവൂർ ഗ്രാമ പഞ്ചായത്തിലേക്ക് ബിജെപി മാർച്ച് നടത്തി.















































