കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ ഇക്കുറി ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തിരിക്കാതെ ഇതിനകം തന്നെ അദ്ദേഹം മണ്ഡലത്തിൽ സജീവമായിരിക്കുകയാണ്. അങ്ങനെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബേപ്പൂർ നിയമസഭാമണ്ഡലം.മാറി വന്ന തിരഞ്ഞടുപ്പുകളിൽ യുഡിഎഫും എൽഡിഎഫും ഈ മണ്ഡലത്തിൽ നിന്നും വിജയമാധുര്യം അനുഭവിച്ചിട്ടുണ്ട്. ഇക്കുറി അൻവറിന്റെ രംഗപ്രവേശത്തോടെ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി ബേപ്പൂർ മാറുകയാണ്.
ഇതിനിടെ അൻവർ യുഡിഎഫ് നേതാക്കളെ നേരിട്ട് നന്ദർശിച്ചു. ലീഗ്, കോൺഗ്രസ് നേതാക്കളെ കണ്ടാണ് ചർച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് സന്ദർശനം.
യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അൻവർ ചോദിച്ചത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആണ് ചോദിച്ചത്. അതേസമയം, അധിക സീറ്റ് നൽകുന്നതിൽ യുഡിഎഫ് നേതൃത്വം ഇതുവരെയും ഉറപ്പ് നൽകിയിട്ടില്ല.
2024ൽ ഇടതുപക്ഷ എംഎൽഎ ആയിരിക്കെ അൻവർ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെയും ക്രിമിനൽ പ്രവർത്തനങ്ങളെയും സംബന്ധിച്ച് തുറന്നടിക്കുകയും എഡിജിപി എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു. തുടർന്ന് 2025 ജനുവരി 13ന് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
















































