പത്തനംതിട്ട: തനിക്കെതിരെ തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മൂന്നാം പരാതിക്കാരി. രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സമൂഹമാധ്യമത്തിൽ ഫൈന്നി പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടുകളിൽ പറഞ്ഞിരുന്നു. പാലക്കാട് എംഎൽഎ ഓഫിസിൽ കാണാമെന്ന് പറഞ്ഞെങ്കിലും വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് യുവതി ആവശ്യപ്പെട്ടതായും സ്ക്രീൻഷോട്ടുകളിലുണ്ടായിരുന്നു. ഇതിനോടാണ് മൂന്നാമത്തെ കേസിലെ പരാതിക്കാരി പ്രതികരിച്ചത്.
താൻ രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്. ശാരീരിക ബന്ധത്തിനുമല്ല സമയം ചോദിച്ചത്. കാര്യങ്ങൾ വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്. കാണുമ്പോൾ തന്റെ ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അവരുടെ ഒപ്പവും ആളുകളുണ്ടാകുമെന്ന് ഫെന്നിയും പറഞ്ഞു. താൻ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു.
അതുപോലെ താൻ പാലക്കാട് പോയത് രാഹുൽ പറഞ്ഞിട്ടാണെന്നും ഇവർ വെളിപ്പെടുത്തുന്നു. പലതവണ വിളിച്ചിട്ടും രാഹുൽ ഫോൺ എടുത്തില്ല. കൂടെയുള്ളവരാണ് ഫോൺ എടുത്തത്. പാലക്കാട് എത്തിയപ്പോൾ പല സ്ഥലങ്ങളിലും കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും രാഹുൽ എത്തിയില്ല. തന്നെ വട്ടം കറക്കുകയാണെന്ന് മനസിലായപ്പോഴാണ് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചത്.
എന്നാൽ ചാറ്റിന്റെ ചില ഭാഗങ്ങൾ മാത്രം ഫെന്നി പുറത്തുവിട്ടത് തന്നെ അപമാനിക്കാനാണെന്നും പരാതിക്കാരി പറഞ്ഞു. ഇതു കൊണ്ടെന്നും പേടിക്കില്ലെന്നും ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നെങ്കിൽ പല പെൺകുട്ടികളും രക്ഷപ്പെട്ടേനെയെന്നും അവർ പ്രതികരിച്ചു.
അതേസമയം യുവതി അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ ഫെന്നിയുടെ പേരും ഉണ്ടായിരുന്നു. ചൂരൽമല മുണ്ടക്കൈ ഫണ്ട് സമാഹരണത്തിനുള്ള ലക്കി ഡ്രോയിലേക്ക് ഫെന്നിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നും ഫെന്നിയുമായുള്ള സംഭാഷണങ്ങളിൽ പലതവണ ഇയാൾ രാഹുലിനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
അതുപോലെ പീഡനമുണ്ടായതിനു ശേഷവും രാഹുൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും നാട്ടിലെത്തിയ ശേഷം പലതവണ നേരിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയെ അറിയാമെന്നും രാഹുൽ അവരെ പീഡിപ്പിച്ചെന്ന വിവരം അതിശയമായി തോന്നിയെന്നും ഫെന്നി ബുധനാഴ്ച രാത്രി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെനി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.















































