തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഐഷ പോറ്റി വർഗവഞ്ചകയെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്കെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിസ്മയം തീർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷാ പോറ്റിയെ പിടിച്ചത്. ഐഷാ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് അപ്പോൾ പറഞ്ഞിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. അധികാരത്തിൻ്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തിരക്കി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല.
വിസ്മയം തീർത്തുകൊണ്ട് മൂന്നാം ഭരണത്തിലേക്ക് എൽഡിഎഫ് പോകും, എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞദിവസമാണ് ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത്. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അവർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിലെത്തിയത്. ഐഷ പോറ്റി ഇത്തവണ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. ഇതിനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചതായാണ് സൂചന. കഴിഞ്ഞ അഞ്ചുവർഷമായി സിപിഎമ്മുമായി അകന്നിരുന്നു. മൂന്നുതവണ കൊട്ടാരക്കരയിൽനിന്ന് എംഎൽഎയായിട്ടുണ്ട്.














































