ടെഹ്റാൻ: ഭരണകൂട വിരുദ്ധ കലാപങ്ങൾ ശക്തമാകവെ അമേരിക്കൻ ഇടപെടലിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കയുടെ ഭീഷണിയെത്തിയിരുന്നു. അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് അമേരിക്കൻ സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. അമേരിക്കൻ ആക്രമണം തടയാൻ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സഖ്യകക്ഷികളൊട് ഇറാൻ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോേഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇറാനിൽ പ്രക്ഷോഭം നടത്തിയ ഇർഫാൻ സോൾട്ടാനിക്കെതിരെ ഇറാൻ വധശിക്ഷ വിധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ഇറാനിൽ അമേരിക്ക ഇടപെടുമെന്ന ആശങ്ക വർദ്ധിച്ചിരിക്കുന്നത്. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലെ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞ് പോകാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയതും യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക ഇറാനെ ലക്ഷ്യമിട്ടാൽ സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന് ടെഹ്‌റാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദിലുള്ള അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനവും ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഉൾപ്പെടെ മേഖലയിലുടനീളം അമേരിക്കയ്ക്ക് നിരവധി സൈനിക താവളങ്ങളുണ്ട്.
ഇറാൻ്റെ മുന്നറിയിപ്പിന് ഖത്തറിലെ അൽ ഉദൈദ് സൈനിക താവളങ്ങളിൽ നിന്ന് അമേരിക്ക പ്രധാന ഉദ്യോഗസ്ഥരെ പിൻവലിച്ചതായും റിപ്പോർട്ടുണ്ട്. 10000ത്തോളം അമേരിക്കൻ സൈനികർ അൽ ഉദൈദ് വ്യോമതാവളത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ഇസ്രയേൽ എപ്പോഴും അമേരിക്കയെ സ്വന്തം പേരിൽ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രക്ഷോഭകാരികൾക്ക് സഹായം നൽകുന്നത് ഇസ്രയേലാണെന്ന പരോക്ഷ നിലപാടും ഇറാനിയൻ വിദേശകാര്യമന്ത്രി സ്വീകരിച്ചിരുന്നു. ഇറാനിൽ സൈനിക ഇടപെടൽ പരിഗണനയിലെന്ന അമേരിക്കൻ നിലപാടിനോട് നേരത്തെ അതേ നാണയത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചിരുന്നു. അമേരിക്കയ്ക്ക് ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ തങ്ങളും തയ്യാർ എന്നായിരുന്നു ട്രംപിന്റെ യുദ്ധ ഭീഷണിയോടുള്ള ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
ഇറാനിലെ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇറാൻ മന്ത്രിയുടെ മറുപടി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ളവർ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇറാനിൽ രാഷ്ട്രീയ പ്രക്ഷോഭം നടക്കുന്നത്. ഇറാനിയൻ റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിൽ മരണസംഖ്യ 2000 കടന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ മാർഗങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുകയാണ്.

















































