തിരുവല്ല: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തിരുവല്ല ക്ലബ്ബ് 7 ഹോട്ടലിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ യുവതി പറഞ്ഞിട്ടുള്ള ഹോട്ടലാണിത്. യുവതിയുമായി 2024 ഏപ്രിൽ എട്ടിന് ഹോട്ടലിലെത്തിയെന്ന കാര്യം തെളിവെടുപ്പിനിടെ രാഹുൽ സമ്മതിക്കുകയും ചെയ്തു. 15 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്.
ഹോട്ടൽ രജിസ്റ്ററിൽ രാഹുലിന്റെ പേര് കൊടുത്തിട്ടുള്ളത് എസ്‌ഐടി കണ്ടെത്തി. 408-ാം നമ്പർ മുറിയാണ് പരാതിക്കാരി രാഹുലിന്റെ നിർദേശം അനുസരിച്ച് ബുക്ക് ചെയ്തിരുന്നത്. ഈ മുറിയിലായിരുന്നു ബുധനാഴ്ച തിരഞ്ഞെടുപ്പ്. പരാതിക്കാരിയുടെ പേരിലാണ് മുറി. രജിസ്റ്ററിൽ രാഹുൽ ബി.ആർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാഹുലിന്റെ യഥാർഥ പേരിതാണ്. എന്നാൽ, സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കണ്ടെടുക്കാനായില്ല. അത്രയും നാൾ മുമ്പത്തെ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി പോലീസ് ഹോട്ടലിൽ നിന്ന് സിസിടിവി ഹാർഡ് ഡിസ്‌ക് ശേഖരിച്ചിട്ടുണ്ട്.
15 മിനിറ്റ് നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി രാഹുലിനെ തിരികെ എ.ആർ ക്യാമ്പിലെത്തിച്ചു. 5.30-നാണ് രാഹുലുമായി പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് എസ്‌ഐടി തെളിവെടുപ്പിനായി പുറപ്പെട്ടത്. 6.30-ഓടുകൂടി തെളിവെടുപ്പ് പൂർത്തിയാക്കി 7.30-ഓടെ ക്യാമ്പിൽ തിരികെ എത്തിച്ചു.
















































