വാഷിങ്ടണ്‍: ഏറെ വർഷങ്ങളായി വെനസ്വേലയുടെ ‘കനിവോടെ’ പിടിച്ചുനിൽക്കുന്ന ക്യൂബയെ വിരട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഉടൻ ഒത്തുതീർപ്പ് ഡീലിലെത്താൻ ക്യൂബ തയാറാകണമെന്നും അല്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘നിലവിൽ വെനസ്വേല നൽകുന്ന എണ്ണയും പണവുമാണ് ക്യൂബയെ പിടിച്ചുനിർത്തുന്നത്. പക്ഷേ, ക്യൂബ സ്വയം തകരുകയാണ്. ഡീലിനായി മുന്നോട്ടുവന്നില്ലെങ്കിൽ ഇനി എണ്ണയുമില്ല, പണവുമില്ല. വെറും സീറോ’’ – ട്രംപ് പറഞ്ഞു. വെനസ്വേലയിലെ പോലെ ഭരണമാറ്റമാണ് ക്യൂബയിലും ട്രംപ് ആഗ്രഹിക്കുന്നത്.
മറ്റൊന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന് തടയിടലും. ക്യൂബൻ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകൾ ടൂറിസവും കൃഷിയുമായിരുന്നു. അമേരിക്കൻ ഉപരോധവും ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുംമൂലം ഇരു മേഖലകളും തരിപ്പണമായി. വെനസ്വേല നൽകിയ പണവും പ്രതിദിനമെത്തിയ 27,000 ബാരൽ ക്രൂഡ് ഓയിലുമാണ് ക്യൂബയെ വീഴാതെ നിർത്തുന്നത്. ക്യൂബയ്ക്കുവേണ്ട മൊത്തം എണ്ണയുടെ പാതിയും നൽകുന്നതും വെനസ്വേലയായിരുന്നു. നിലവിൽതന്നെ, ക്യൂബയിൽ മിക്കയിടങ്ങളിലും രൂക്ഷമായ ഇന്ധനക്ഷാമമുണ്ട്.
ഇത് ഗതാഗതമേഖലയ്ക്ക് പുറമേ കൃഷി, വ്യവസായം തുടങ്ങിയ മേഖലകൾക്കും കനത്ത തിരിച്ചടിയുമാണ്. ഇതിനിടെയാണ് ഇപ്പോൾ ട്രംപിന്റെ ഭീഷണിയുമെന്നത് ക്യൂബയ്ക്ക് ഇരുട്ടടിയാകും. അതേസമയം, വെനസ്വേലയിൽ ട്രംപ് നടത്തിയത് ഭീകരവാദ പ്രവർത്തനമാണെന്ന് കടന്നാക്രമിച്ചുള്ള ആരോപണവുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയസ്-ക്യാനെൽ രംഗത്തെത്തി. മഡുറോയെ പിടികൂടിയത് ‘കാടത്തമാണെന്നും’ മിഗ്വേൽ പറഞ്ഞു. അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിൽ നിരവധി ക്യൂബക്കാരും കൊല്ലപ്പെട്ടെന്നും മിഗ്വേൽ ആരോപിച്ചു.















































