തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ. ബാലൻ. തന്റെ കൈയിൽ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ടെന്നും മരണം വരെ പത്തുപൈസ കൊടുക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജയിലിൽ പോകേണ്ടി വന്നാൽ ആദ്യം ഖുറാൻ വായിച്ചു തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തൊഴിലാളി വർഗത്തോട് കൂറുള്ള ആളാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഖുറാനിന്റെ മലയാളം പരിഭാഷ ഉയർത്തിപ്പിടിച്ചായിരുന്നു എ.കെ. ബാലന്റെ വാർത്താ സമ്മേളനം. യുഡിഎഫ് അധികാരത്തിൽ വന്നാൽ, ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം വഹിക്കുമെന്നും മാറാട് കലാപങ്ങൾ ആവർത്തിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു. ഇതിനെതിരേ ജമാഅത്ത് ഇസ്ലാമി രംഗത്തെത്തിയിരുന്നു.
എന്നെ അറിയുന്ന മുസ്ലിങ്ങൾ ഞാൻ ഒരു മുസ്ലിം വിരുദ്ധനാണ് എന്ന് ചിത്രീകരിക്കുമ്പോൾ ഈ ചരിത്രം ഒന്ന് ഓർക്കുന്നത് നല്ലതാണ്. പത്ത് പൈസ എന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് വിചാരിച്ച് ജമാഅത്ത് കേസിന് കൊടുക്കണ്ട. മരണം വരെ പത്ത് പൈസ കൊടുക്കില്ല. അത്ര ദാരിദ്ര്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി ഞാൻ പറഞ്ഞു കൊടുക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മാപ്പ് എന്റെ ജീവിത്തിലേ ഉണ്ടാകില്ല. പാർട്ടിക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ പാർട്ടി പറഞ്ഞാൽ ആ സമയം താൻ അനുസരിക്കും. ജമാഅത്തിനെ പറ്റി ഇ.കെ. നേതാവ് മുക്കം ഉമർഫൈസി പറഞ്ഞത് അത് ഒരു വൻ ചിതൽ എന്നാണ് പറഞ്ഞത്. ആ ആപത്തിനെയാണ് തുറന്നുകാട്ടിയത്.
അത് തുറന്നുകാട്ടേണ്ടത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ചുമതലയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സോഷ്യലിസ്റ്റ് ബോധത്തിനും എതിരായി നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ആ സംഘടനയുടെ ആശീർവാദത്തിലും സഹായത്തിലും തണലിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അത് കേരളത്തിന്റെ നാശമായിരിക്കുമെന്ന് ഇനിയും കൊടുത്തുകൊണ്ടേയിരിക്കും.”-എ.കെ. ബാലൻ പറഞ്ഞു.


















































