ഗാസിയാബാദ്: ഉത്തർപ്രദേശില്‍ റസ്റ്റോറന്റ് ജീവനക്കാരൻ റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതായി കാണിക്കുന്ന വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ നഗരത്തിലെ ഭക്ഷ്യ സുരക്ഷയെയും ശുചിത്വ നിലവാരത്തെയും കുറിച്ച് വീണ്ടും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.
ചിക്കൻ പോയിന്റ് എന്ന കടയിലാണ് സംഭവം. ജീവനക്കാരൻ റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതാണ് വീഡിയോയിലുള്ളത്. സംഭവം സ്ഥലത്തുണ്ടായിരുന്ന ഒരാൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും പിന്നീട് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രാദേശിക പൊലീസ് സംഘം വീഡിയോ പരിശോധിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കവിനഗർ എസിപി സൂര്യബലി മൗര്യ സ്ഥിരീകരിച്ചു. താമസിയാതെ നടപടിയെടുത്ത പൊലീസ്, ജാവേദ് അൻസാരി എന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

















































