ആര്യനാട്: പറണ്ടോട് ദേശസാൽകൃത ബാങ്ക് വീട് ജപ്തി ചെയ്തതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെ രാത്രി വൈകിയും കഴിഞ്ഞത് വീടിനു പുറത്ത്. പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എൻആർഐ ഹൗസിങ് ലോൺ എടുത്തിരുന്നു.
2019ൽ 21 വർഷത്തെ കാലാവധിയിലാണ് ലോൺ എടുത്തത്. ഇതുവരെ 5 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ കോവിഡ് ബാധിച്ചതോടെ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തതോടെ അടവ് മുടങ്ങി. മാസം 11,000 രൂപ വച്ചാണ് അടവ്. ആരോഗ്യം പതിയെ ശരിയായതോടെ നിഹാസ് ചുമട്ടുതൊഴിൽ സ്വീകരിച്ചു.
ഇതിനിടെ പലതവണ ബാങ്കിൽ കയറിയിറങ്ങി. കുടിശ്ശികത്തുക നിലനിർത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീർക്കാമെന്നും പലതവണ സംസാരിച്ചെങ്കിലും ബാങ്കിനത് സ്വീകാര്യമായില്ല. മുഴുവൻ തുകയും അടയ്ക്കണമെന്ന് നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്ന് നിഹാസ് പറയുന്നു.
നിഹാസും ഭാര്യയും അഞ്ച് മാസമായ കുട്ടിയും നിഹാസിന്റെ മാതാപിതാക്കളും മാതാവിന്റെ മാതാവുമാണ് ഈ വീട്ടിൽ കഴിയുന്നത്. ഇന്നലെ ബാങ്ക് വീട് ജപ്തി ചെയ്തതോടെ കൊടും തണുപ്പത്താണ് കൈക്കുഞ്ഞും പ്രായമായവരുമായി കഴിഞ്ഞത്. ജപ്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബ്രാഞ്ച് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും നിഹാസ് പറയുന്നു.

















































