ശ്രീനഗർ: പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി രംഗത്ത്. പലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് ഇവിടെ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇൽതിജ ചോദിച്ചു.
‘‘ഇവിടെ എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ? പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ അതിൽ എന്താണ് തെറ്റ്?’’– ഇൽതിജ ചോദിച്ചു. ‘‘ലണ്ടൻ, യൂറോപ്പ് അല്ലെങ്കിൽ അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഗാസയിൽ ആളുകൾ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നു. ഗാസയിൽ ഒരു തലമുറ മുഴുവൻ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎൻ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവിൽ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.’’– ഇൽതിജ പറഞ്ഞു.
അതുപോലെ ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമൽ അബ്ദുള്ളയ്ക്കെതിരെയും ഇൽതിജ ശക്തമായി പ്രതികരിച്ചു. ജമ്മു കശ്മീരിൽ ഹമാസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇൽതിജയുടെ മറുപടി. ‘‘ഇവിടെ ഞങ്ങൾ ഹിന്ദുത്വ അനുവദിക്കില്ല. ‘ജയ് ശ്രീ റാം’ അല്ലെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിച്ചാൽ, ഞങ്ങൾ അതു ചെയ്യാൻ പോകുന്നില്ല. ഹിമാചൽ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാർഥികളെയും ഷാൾ വിൽപനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങൾ അനുവദിക്കില്ല. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കശ്മീരിൽ ബിജെപി അജൻഡ നടപ്പിലാക്കുന്നെന്നും ഇൽതിജ മുഫ്തി ആരോപിച്ചു. ‘‘ഒമർ എന്തുകൊണ്ട് ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജൻഡയാണ് നടത്തുന്നത്.’’– ഇൽതിജ ആരോപിച്ചു.
അതേസമയം ജമ്മു കശ്മീർ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ മത്സരിക്കുന്നതിനിടെ ഫുർഖാൻ ഉൽ ഹഖ് എന്ന താരമാണ് പലസ്തീന്റെ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തിൽ ബാറ്ററെയും ടൂർണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന്റെ നടപടി. ടൂർണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഡിസംബർ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂർണമെന്റ് ആരംഭിച്ചത്.


















































