ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തതായി സമ്മതിച്ച് ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ലഷ്കറെ തൊയ്ബ നേതാവ് ഇന്ത്യൻ ആക്രമണത്തെ തുടർന്നുണ്ടായ അനന്തരഫലങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ സമ്മതിക്കുന്നത്. കസൂരിയാണ് പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് നേരത്തേ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. ലഷ്കറെ തൊയ്ബ സ്ഥാപകൻ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയാണ് കസൂരി.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് കസൂരി പ്രസ്താവന നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീകര കേന്ദ്രങ്ങൾ തകർന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമർശങ്ങളും വീഡിയോയിൽ നടത്തുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരുടെ ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ടത് ഇന്ത്യയുടെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് കസൂരി വീഡിയോയിൽ പറയുന്നു. അതുപോലെ കശ്മീർ വിഷയത്തിൽനിന്ന് പിന്മാറില്ലെന്നും കസൂരി പറയുന്നു.
നേരത്തേ തന്നെ പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കസൂരിയെന്ന് കണ്ടെത്തിയിരുന്നു. ലഷ്‌കറെ തൊയ്ബയിലും ജമാഅത്തെ ഉദ്ദവയിലും നിർണായക പങ്കുവഹിച്ച കസൂരി ജമാഅത്തെ ഉദ്ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്‌ലിം ലീഗി (എംഎംഎൽ)ലും നേതൃപദവി വഹിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെതന്നെ മറ്റൊരു പേരായാണ് ജമാഅത്ത് ഉദ്ദവയെ യുഎസ് വിദേശകാര്യവകുപ്പ് പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയിൽപ്പെട്ട സംഘടനയാണ് എംഎംഎൽ. ഏറെക്കാലമായി ഇത്തരം സംഘടനകളിൽ പ്രവർത്തിച്ച കസൂരി പാക്കിസ്ഥാനിലെ ജിഹാദി പ്രസ്ഥാനത്തിലെ പ്രധാന നേതാവായി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിൽ നൂറിലധികം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഭീകരർക്കെതിരായ നടപടിയിൽ ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് നൽകിയ തിരിച്ചടിയിലാണ് 11 പാക് വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തത്.


















































