തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ ബിജെപിയുംമേയർ വിവി രാജേഷും ആയുധമാക്കിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാർബൺ ന്യൂട്രൽ അനന്തപുരിയെന്നും നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് വാങ്ങി നൽകിയതെന്നും 2024 സെപ്റ്റംബർ 7ന് ആര്യ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മേയർ വി.വി. രാജേഷ് പറഞ്ഞത്.
നഗരപരിധി വിട്ട് സമീപ ജില്ലയിലേക്ക് ബസുകൾ സർവീസ് നടത്തുന്നുവെന്നും ആര്യ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ത്രികക്ഷി കരാർ കെഎസ്ആർടിസി ലംഘിച്ചുവെന്ന് പരാതിപ്പെട്ടതും ആര്യ രാജേന്ദ്രൻ തന്നെയാണെന്നും അവർ തദ്ദേശമന്ത്രിക്കു പരാതി നൽകിയിരുന്നുവെന്നും വി.വി. രാജേഷ് പറഞ്ഞു.
അതിനാൽ തന്നെ ഈ കരാർ നടപ്പാക്കണമെന്നാണ് ബിജെപി നേതൃത്വത്തിലുള്ള കൗൺസിലിന്റെ ആവശ്യം. അല്ലാതെ മന്ത്രി പറഞ്ഞതു പോലെ ബസുകൾ ഏറ്റെടുക്കാനല്ല. ബസിന്റെ നല്ലകാലം ഓടിക്കഴിഞ്ഞു. കരാർ പ്രകാരം 113 ബസുകൾ നഗരപരിധിയിൽ തന്നെ ഓടിക്കണം, ലാഭവിഹിതം കൈമാറണം, റൂട്ട് നിശ്ചയിക്കുന്നതിൽ കോർപറേഷനെ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് മേയർ ഉന്നയിക്കുന്നത്. ഇടറോഡുകളിൽ ആവശ്യത്തിനു ബസുകൾ ഇല്ലെന്ന കൗൺസിലർമാരുടെയും ജനങ്ങളുടെയും പരാതി പരിഗണിച്ചാണ് വിഷയം ഏറ്റെടുത്തിരിക്കുന്നത്. രാവിലെയും വൈകിട്ടുമെങ്കിലും ബസുകൾ ഇതിനായി വിട്ടുനൽകണം.
ഇതു സംബന്ധിച്ച് അടുത്ത കൗൺസിൽ ചർച്ച ചെയ്ത് മുഖ്യമന്ത്രിക്കു കത്തു നൽകും. 150 പുതിയ ബസുകൾ ഓടിക്കുമെന്നാണ് മന്ത്രി പറയുന്നത്. അത് വാങ്ങി മറ്റിടങ്ങളിലേക്ക് ഓടിച്ചിട്ട് ഇലക്ട്രിക് ബസുകൾ നഗരത്തിൽ തന്നെ ഓടിക്കണമെന്നും മേയർ വി.വി. രാജേഷ് പറഞ്ഞുവെക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മുൻ മേയർ ചൂണ്ടിക്കാണിച്ച കാര്യം പുതിയ മേയർ പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെടുന്നു.


















































