റാഞ്ചി: കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഒരു കോടി വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികൾ നശിപ്പിച്ചതായി പോലീസ് കോടതിയിൽ. തൊണ്ടിമുതൽ നഷ്ടമായതിനെത്തുടർന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒരു കോടി രൂപ വിലവരുന്ന കഞ്ചാവുകളാണ് എലികൾ നശിപ്പിച്ചത്. ഇതോടെ റാഞ്ചിയിലെ കോടതി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെ വെറുതെ വിട്ടു.
2022 ജനുവരിയിലാണ് ഓർമാൻജിഹ്വി പോലീസ് NH-20-ൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് റാഞ്ചിയിൽ നിന്ന് രാംഗഢിലേക്കു പോകുകയായിരുന്ന വെളുത്ത ബൊലേരോ വാഹനം തടഞ്ഞുവെന്നാണ് പോലീസ് വാദം. വാഹനം തടഞ്ഞതോടെ മൂന്ന് പേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ബിഹാറിലെ വൈശാലി ജില്ലയിലെ ബിർപൂർ ഗ്രാമവാസിയായ ഇന്ദ്രജിത് റായ് അലിയാസ് അനുര്ജിത് റായ് (26) പിടിയിലായി.
തുടർന്നുള്ള പരിശോധനയിൽ വാഹനത്തിൽ നിന്ന് ഏകദേശം 200 കിലോ കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും, എൻഡിപിഎസ് നിയമത്തിലെ കർശന വകുപ്പുകൾ ചുമത്തി ചാർജ്ഷീറ്റ് സമർപ്പിക്കുകയും ചെയ്തു. എന്നാൽ വിചാരണ പുരോഗമിച്ചതോടെ പ്രോസിക്യൂഷന്റെ കയ്യിൽ നിന്ന് കേസ് കൈവിട്ടുപോയി.
പിടിച്ചെടുത്ത സമയം, സ്ഥലം, രീതികൾ എന്നിവയുൾപെടെ സാക്ഷി മൊഴികളിൽ ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഉണ്ടായി. പ്രതിയെ ആരാണ് തടഞ്ഞത്, വാഹനം എവിടെയാണ് പിടികൂടിയത്, പരിശോധന എത്ര സമയം നീണ്ടു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലായിരുന്നു.
ഇതിനെല്ലാമപ്പുറം പ്രോസിക്യൂഷന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികൾ നശിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചപ്പോഴാണ്. 2024-ലെ സ്റ്റേഷൻ ഡയറി എൻട്രിയിൽ ഇതുസംബന്ധിച്ച രേഖയുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. ഇതിനെ ഗുരുതര അനാസ്ഥയെന്ന് വിശേഷിപ്പിച്ച കോടതി, പിടിച്ചെടുത്ത ലഹരിവസ്തു സംരക്ഷിക്കുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ചയിൽ ആശങ്ക രേഖപ്പെടുത്തി.
പ്രതിയെയും പിടിച്ചെടുത്ത വാഹനത്തെയും ബന്ധിപ്പിക്കുന്ന വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ കോടതി വെറുതെവിട്ടു.
അതേസമയം ഇതിന് മുമ്പ് ജൂലൈയിൽ ധൻബാദിൽ, സർക്കാർ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ എലികൾ നശിപ്പിച്ചതായി അധികൃതർ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ പുതിയ മദ്യനയം സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നടത്തിയ സ്റ്റോക്ക് പരിശോധനയിൽ 802 വിലയേറിയ മദ്യക്കുപ്പികൾ കേടായതായി കണ്ടെത്തി. ചില കുപ്പികളുടെ ക്യാപ്പുകളിൽ തുളകൾ കണ്ടെത്തിയതായും, ചിലത് പൂർണമായും ഒഴിഞ്ഞതായും, മറ്റുചിലത് പകുതി പകുതി തീർന്ന നിലയിലാണെന്നും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ, എലികൾ ക്യാപ്പുകൾ കടിച്ചുതുറന്ന് മദ്യം കുടിച്ചതാണെന്ന് ഏജൻസി ഓപ്പറേറ്റർ വിശദീകരിച്ചു.




















































