തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ജനങ്ങളിൽ നിന്നറിയാൻ വിവിധ പരിപാടികളുമായി സിപിഎം. ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ നടത്താനാണു തീരുമാനം. ജനുവരി 15 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി സിപിഎം പ്രവർത്തകർ ജനങ്ങളുമായി സംവദിക്കും. ഈ പരിപാടികളിൽ താഴെത്തട്ടുമുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾ ഇതിൽ പങ്കെടുക്കും.
അതേസമയം പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച റിപ്പോർട്ടിങ് ജനുവരി 15-നുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. അതിനുശേഷമായിരിക്കും ജനസമ്പർക്ക പരിപാടികൾ. കേന്ദ്രവിരുദ്ധ പ്രക്ഷോഭം ഊർജിതമാക്കും. ആദ്യഘട്ടമായി ജനുവരി അഞ്ചിന് 23,000 തദ്ദേശ വാർഡുകളിൽ തൊഴിലുറപ്പു പദ്ധതി സംരക്ഷണകൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനുനേരേയുള്ള കുറ്റപത്രം പരിപാടിയിൽ അവതരിപ്പിക്കും.
ജനുവരി 12-ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹം നടക്കും. 15-ന് ലോക്ഭവനിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും പ്രതിഷേധമാർച്ചുകൾ നടത്തും. ഫെബ്രുവരി ഒന്നുമുതൽ 15 വരെ മൂന്നുമേഖലകളിലായി എൽഡിഎഫിന്റെ നേതൃത്വത്തിൽ ജാഥകൾ സംഘടിപ്പിക്കും. ഇതിനു പുറമേ, സംസ്ഥാന സർക്കാരിന്റെ വിവിധ നേട്ടങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കും. ജാഥാക്യാപ്റ്റന്മാരെ പിന്നീടു തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

















































