തൃശൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. ചേലക്കര ഗ്രാമപഞ്ചായത്തംഗം പി എൻ രാമചന്ദ്രനെയാണ് പാർട്ടി പുറത്താക്കിയത്. 24 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 12 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാമചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥി ടി ഗോപാലകൃഷ്ണന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അബദ്ധത്തിൽ വോട്ട് മാറി ചെയ്തതാണെന്നാണ് രാമചന്ദ്രന്റെ വാദം.
പക്ഷെ സിപിഎം ഈ വാദത്തെ അംഗീകരിച്ചില്ല. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം വി മനോജ് കുമാർ പറഞ്ഞു. നറുക്കെടുപ്പിനുള്ള അവസരം പോലും ലഭിക്കാതെ യുഡിഎഫിന് അധികാരം ലഭിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ രാമചന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാർട്ടി പ്രവർത്തകരിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കുക മാത്രമല്ല കൂറുമാറ്റ നിരോധന നിയമപ്രകാരം രാമചന്ദ്രനെ അയോഗ്യക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
















































