ആലപ്പുഴ: നടു റോഡിൽ പോലീസ് അതിക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് യുവാവ്. ഫോർട്ട്കൊച്ചിയിലെ ക്രിസ്മസ് പരിപാടി കണ്ടു പുലർച്ചെയോടെ തിരിച്ചുവരികയായിരുന്ന രാഹുലും അനിൽ രാജേന്ദ്രനുമാണ് പോലീസ് അതിക്രമത്തിന് ഇരയായത്. സംഭവം എങ്ങനെയെന്നു തുറന്നു പറയുകയാണ് സുഹൃത്ത് രാഹുൽ.
‘‘മദ്യമോ മറ്റു ലഹരികളോ ഞങ്ങൾ ഉപയോഗിച്ചിരുന്നില്ല. അനിലാണു വണ്ടി ഓടിച്ചിരുന്നത്. ചെല്ലാനം കഴിഞ്ഞപ്പോൾ റോഡിൽ പോലീസുകാർ കൈ കാണിച്ചു. വേഗം കുറച്ചപ്പോഴേക്കും ഒരു സാർ (സിപിഒ ബിജുമോൻ) റോഡിനു നടുവിലേക്കു കയറി അനിലിന്റെ കയ്യിൽ കടന്നുപിടിച്ചു. എന്താണു പറ്റിയതെന്നു മനസിലാകും മുൻപേ വണ്ടി തെറിച്ചു ഞങ്ങൾ റോഡിലേക്കു വീണു. ആ സാറും തെറിച്ചുവീണു. ജീപ്പിലുള്ള പോലീസുകാർ ആദ്യം അനങ്ങിയില്ല. ഞാൻ കൂടി സഹായിച്ചു സിപിഒയെ വണ്ടിയിൽ കയറ്റിയ പാടെ അവർ ജീപ്പെടുത്തു.
ആ സമയം അനിൽ ചോരവാർന്നു റോഡിൽ കിടക്കുകയാണ്. എന്റെ കൂട്ടുകാരനെക്കൂടി ആ ജീപ്പിൽ ആശുപത്രിയിലെത്തിക്കണേ എന്നു കെഞ്ചിപ്പറഞ്ഞു. അവരാരും അലിവ് കാട്ടിയില്ല. റോഡിൽ ഞങ്ങളെ ഉപേക്ഷിച്ച് അവർ സ്ഥലംവിട്ടു’’– സങ്കടത്തോടെ രാഹുൽ സാബു പറഞ്ഞു.
പിന്നാലെ മറ്റൊരാളുടെ സഹായത്തോടെ അവന്റെ കൈകൾ എന്റെ വയറ്റിൽ പിടിപ്പിച്ചു ഞാൻ വണ്ടിയെടുത്തു. 20 കിലോമീറ്റർ പോയി ചെട്ടികാട് ഗവ. ആശുപത്രിയിലെത്തി. അനിൽ വീഴുമോ എന്നു പേടിച്ചു പതിയെയാണു വണ്ടി ഓടിച്ചത്. ചെല്ലാനം ഭാഗത്തെ ആശുപത്രികൾ അറിയാത്തതു കൊണ്ടാണു ചെട്ടികാട് വരെ വന്നത്. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിട്ടു. തെരുവുനായ കുറുകെ ചാടിയെന്നാണ് ആദ്യം പറഞ്ഞത്. അതാണു രേഖയിലും. പേടിയായിരുന്നു. പിന്നീടാണു നടന്ന കാര്യങ്ങൾ അറിയിച്ചത്’’– രാഹുൽ പറഞ്ഞു.
അതേസമയം അപകടത്തിൽ അനിൽ രാജേന്ദ്രനു (29) ഗുരുതര പരുക്കേറ്റതോടെ കിടപ്പുരോഗിയായ പിതാവ് രാജേന്ദ്രനും ദുരിതത്തിലായി. പ്രമേഹം ബാധിച്ചു രാജേന്ദ്രന്റെ ഒരു കാൽപാദം മുറിച്ചുനീക്കിയിരുന്നു. അച്ഛന് അത്യാവശ്യമായി എവിടെ പോകണമെങ്കിലും ഇടവഴിയിലൂടെ റോഡ് വരെ എടുത്തുകൊണ്ടുപോയിരുന്നത് അനിലാണ്. മകനു പരുക്കേറ്റ വിവരമറിഞ്ഞു രാജേന്ദ്രൻ ആശുപത്രിയിൽ വരാനാകാതെ വീട്ടിൽ പരിഭ്രമിച്ചിരിക്കുകയാണെന്ന് അനിലിന്റെ അമ്മ രമാദേവി പറഞ്ഞു.
ക്രിസ്മസ് ദിവസം വൈകിട്ട് 7 നാണു കൂട്ടുകാരന്റെ വിളി വന്നപ്പോൾ അനിൽ ബൈക്കുമായി ഇറങ്ങിയത്. രാത്രി വൈകി തിരിച്ചെത്തുമെന്നാണു പറഞ്ഞത്. മരുന്നു കഴിച്ചു കിടന്നതിനാൽ ഉറങ്ങിപ്പോയി. രാവിലെയായിട്ടും മകനെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ് അപകടവിവരം കേൾക്കുന്നത്– രമാദേവി പറഞ്ഞു. ഇവരുടെ മകൾ അശ്വതി വിദേശത്തു നഴ്സാണ്. വീടിന്റെ ചെലവും അച്ഛന്റെ ചികിത്സയുമെല്ലാം അശ്വതിയാണു നടത്തുന്നത്. ഈയിടെ ഒരു ഡെന്റൽ സ്ഥാപനത്തിൽ അനിലിനു ജോലി ലഭിച്ചതിന്റെ സന്തോഷത്തിനിടെയാണ് അപകട സംഭവം.
അതേസമയം ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ അനിലിന്റെ കാഴ്ചയ്ക്ക് ഉൾപ്പെടെ സാരമായി തകരാർ ഉണ്ടായിട്ടുണ്ട്. വലതു കണ്ണിനു താഴെ, മൂക്കിന്റെ പാലം, ചുണ്ട് എന്നിവിടങ്ങളിൽ സ്റ്റിച്ച് ഇടേണ്ടി വന്നു. കീഴ്ത്താടിക്കേറ്റ പരുക്കിൽ പല്ലുകൾ ഇളകി. താടിക്കു സ്ഥാനചലനമുണ്ടായി. ഇടതു കാൽമുട്ട്, പാദം എന്നിവിടങ്ങളിലും പരുക്കുണ്ട്. തുടർന്നാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.


















































