ടെൽ അവീവ്: റോഡരികിൽ നിസ്‌കരിക്കുകയായിരുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ. കൂടാതെ യുവാവിന്റെ മുഖത്ത് പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പലസ്തീൻ യുവാവിന്റെ മുകളിലേക്ക് സായുധധാരിയായ ഒരാൾ വാഹനം കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ഇസ്രയേൽ സൈന്യം തന്നെയാണ് വ്യക്തമാക്കിയത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. എടിവി വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ആൾ റിസർവിസ്റ്റാണെന്നും ഇയാളുടെ സൈനിക സേവനം അവസാനിച്ചിരുന്നുവെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഇയാളുടെ ആയുധം പിടിച്ചെടുത്തെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തിൽ റിസർവിസ്റ്റ് സൈനികനെ അറസ്റ്റ് ചെയ്‌തെന്നും അഞ്ച് ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയെന്നും ഇസ്രയേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ നേരത്തെ ഗ്രാമത്തിനുള്ളിലേക്ക് വെടിയുതിർത്തിരുന്നുവെന്നും അധികാരത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന് ഇസ്രയേൽ സൈന്യം അന്ന് വ്യക്തമാക്കിയിരുന്നുവെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
അതേസമയം റിസർവിസ്റ്റ് സൈനികൻ വാഹനം പലസ്തീൻ യുവാവിന്റെ മേൽ ഇടിച്ചുകയറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് പലസ്തീൻ യുവാവിനോട് ആക്രോശിക്കുകയും പ്രദേശം വിട്ടു പോകാനും സൈനികൻ പറയുന്നത് വീഡിയോയിൽ നിന്ന് മനസിലാകുന്നു. ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പലസ്തീൻ യുവാവ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഇദ്ദേഹത്തിന്റെ ഇരു കാലുകൾക്കും നല്ല വേദനയുണ്ടെന്ന് പിതാവ് മജ്ദി അബു മൊഖോ പറഞ്ഞു. കൂടാതെ മകന്റെ ദേഹത്ത് പെപ്പർ സ്‌പ്രേ പ്രയോഗിച്ചെന്നും മജ്ദി പറയുന്നു.
















































