കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് പാലിൽ വിഷം നൽകിയ ശേഷം അച്ഛനും മുത്തശ്ശിയും തൂങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു.
കൂടാതെ മുറിയിലെ മേശയിൽ നിന്ന് കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്കു നൽകിയെന്നാണ് പോലീസിന്റെ നിഗമനം.അതേസമയം കൂട്ട ആത്മഹത്യയ്ക്കു പിന്നിൽ കലാധരന്റെ ഭാര്യയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അവരുടെ പിടിവാശി ഒന്നുമാത്രമാണ് കൂട്ടമരണത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചതെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
കോടതി ഉത്തരവ് പ്രകാരം കുട്ടികളെ വിട്ടുകിട്ടാൻ നിരന്തരം ഭാര്യ ആവശ്യപ്പെടുമായിരുന്നു. ഇതിനായി നിരവധി തവണ പോലീസിൽ പരാതി നൽകി ബുദ്ധിമുട്ടിച്ചു. എന്നാൽ കുട്ടികൾക്ക് അച്ഛന്റെ കൂടെ നിൽക്കാനായിരുന്നു താല്പര്യം. കുട്ടികളെ അവരുടെ അമ്മയുടെ കൂടെ വിട്ടയച്ചിട്ടും കുട്ടികൾ കലാധരന്റെ അടുത്തേക്ക് തിരിച്ചു വന്നു. ഇതോടെ കുട്ടികളെ വിട്ടുകിട്ടുന്നതിനായി വീണ്ടും പോലീസ് മുഖേന കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നു ബന്ധുവായ ബാലു ആരോപിച്ചു.
അതേസമയം നാലു മരണങ്ങൾ ഒന്നിച്ചു കണ്ട ഞെട്ടലിലാണ് രാമന്തളി വടക്കുമ്പാട്ടെ നാട്ടുകാർ. ആത്മഹത്യ ചെയ്ത കലാധരൻ നാട്ടിലെ അറിയപ്പെടുന്ന പാചകക്കാരനാണ്. കൂടാതെ കേറ്ററിങ് സർവീസും നടത്തുന്നുണ്ട്. ആളുകൾ വിശ്വസിച്ച് പാചകം ഏൽപ്പിച്ചിരുന്ന കലാധരന്റെ മരണം ഉൾക്കൊള്ളാൻ നാട്ടുകാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. കലാധരനും ഭാര്യയും തമ്മിൽ നിരന്തരം കലഹങ്ങളായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ ഓട്ടോ ഡ്രൈവറും അറിയപ്പെടുന്ന നാടക നടനുമാണ്. സാമ്പത്തികമായി ഇവർക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. ഉണ്ണികൃഷ്ണനും ഭാര്യ ഉഷയ്ക്കുമെതിരെ കലാധരന്റെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. പിന്നാലെ യുവതി സ്വന്തം വീട്ടിലേക്കു താമസം മാറി. എന്നാൽ പിന്നീട് ഈ പരാതി ഒത്തുതീർപ്പാക്കുകയും യുവതി കലാധരന്റെ വീട്ടിലേക്കു തിരികെ വരികയും ചെയ്തു. ഇനി കൂടുതൽ പ്രശ്നമുണ്ടാകേണ്ട എന്നു കരുതി ഉണ്ണികൃഷ്ണനും ഭാര്യ ഉഷയും വാടക വീട്ടിലേക്കും താമസം മാറി.
പക്ഷെ വീണ്ടും ഉണ്ണികൃഷ്ണനും ഉഷയ്ക്കുമെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. പിന്നീട് കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നം കുടുംബ കോടതിവരെയെത്തി. എന്നാൽ കുട്ടികളെ യുവതി ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായതോടെ കലാധരൻ ഇവരെ വീട്ടിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. കലാധരനും അമ്മയും കുട്ടികളുമാണ് വടക്കുമ്പാട്ടെ വീട്ടിൽ താമസിച്ചത്. ഉണ്ണികൃഷ്ണൻ വാടക വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇതോടെ കുട്ടികളെ വിട്ടുനൽകാൻ യുവതി കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. വിധി നടപ്പാക്കുന്നതിനായി നിരന്തരം പോലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസം പോലീസെത്തി കലാധരനോടു കുട്ടികളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ട ആത്മഹത്യ നടന്നത്.
ഇന്നലെ രാത്രി ഒൻപതോടെ ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലാണ് കണ്ടത്. വീടിനു മുന്നിൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുറിപ്പുമായി ഉണ്ണികൃഷ്ണൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


















































