തിരുവനന്തപുരം: സ്വർണ വില ഒരന്തവുമില്ലാതെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപയാണ്. അതുപോലെ ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷം ജനുവരിയിൽ 57,000 രൂപയിൽ നിന്നിരുന്ന വിലയാണ് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് ഇരട്ടിച്ച് ലക്ഷം കടന്നത്.
കോവിഡിൻറെ സമയത്ത് സ്വർണത്തിന് 40000 രൂപയായിരുന്നു വില. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
അതേസമയം 18 കാരറ്റ് സ്വർണം, വെള്ളി വിലകളും കുതിച്ചുയർന്നു. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

















































