മലപ്പുറം: ഇതു തനിക്കും തന്റെ പ്രസ്ഥാനത്തിനും പുതുയുഗപ്പിറവിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നൽകാൻ താനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസും സദാ സന്നദ്ധമായിരിക്കുമെന്നും പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നിസ്സാരവും വിനാശകരവുമായ വിമർശനങ്ങൾക്കോ, ശത്രുതയ്‌ക്കോ, മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ഉള്ള സമയമല്ല ഇനി നമുക്ക് മുന്നിലുള്ളതെന്നും പിവി അൻവർ. യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിനു പിന്നാലെയായിരുന്നു പി.വി. അൻവറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും ചരിത്രപരമായ ഒരു തീരുമാനം വന്നെത്തിയിരിക്കുന്നു.’നീതിക്ക് വേണ്ടിയുള്ള തിരിഞ്ഞു നടത്തം’ ഇവിടെ എത്തിനിൽക്കുമ്പോൾ, ജനാധിപത്യ- മതേതര ചേരിയിലേക്ക് കാലെടുത്തുവക്കുമ്പോൾ, പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും. ഈ സർക്കാറിന്റെ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ നമ്മുടെ പ്രതിജ്ഞ പൂർണ്ണമായില്ലെങ്കിലും അവസാന ചുവടുകളിലേക്ക് മാർഗം തെളിഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു. ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്.
ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നൽകാൻ ഞാനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസും സദാ സന്നദ്ധമായിരിക്കും. ഐക്യ ജനാധിപത്യ മുന്നണി നൽകിയ ഈ അംഗീകാരത്തോടൊപ്പം എന്റെയും ഉത്തരവാദിത്വങ്ങളും ചുമതലകളും വർധിക്കുന്നതായി ഞാൻ മനസിലാക്കുന്നു. നമ്മുടെ നാടിനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കാകെയും യശ്ശസായിത്തീരുന്നതും പക്വതയാർന്നതുമായ പ്രവർത്തനം ഞാൻ ഉറപ്പു നൽകുന്നു. ഈ മഹത്തായ ദിവസത്തിൽ, കേരളത്തിലെ സാധാരണ ജനങ്ങളെയും, തൊഴിലാളികളെയും സേവിക്കുന്നതിനും മതേതരത്വത്തിനും, ജനഹിത വികസനത്തിനും അതിലും വലിയ ലക്ഷ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാനും നിലകൊള്ളാനും ആവർത്തിച്ച് പ്രതിജ്ഞയെടുക്കുക.
ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്. നമുക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്; എന്നതിനർത്ഥം, കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾക്കായുള്ള സേവനമാണ്. ഏകാധിപത്യ പ്രവണതകൾ, ഫാസിസം, ദാരിദ്ര്യം, തൊഴിലില്ലായ്മ, രോഗം, അവസരങ്ങളുടെ അസമത്വം എന്നിവ അവസാനിപ്പിക്കുക എന്നതാണ്.
നമുക്ക് പരിമിതികളുണ്ടാവാം. പക്ഷേ കണ്ണീരും കഷ്ടപ്പാടും ഉള്ളിടത്തോളം കാലം ജനാധിപത്യക്രമത്തിൽ നമ്മുടെ ജോലി അവസാനിക്കില്ല.
അതുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ, നമ്മുടെ പൂർവ്വികരുടെ അയോഗ്യരായ പിന്മുറക്കാരായി മാറാതിരിക്കാൻ, നാം അധ്വാനിക്കണം, പ്രവർത്തിക്കണം, കഠിനാധ്വാനം ചെയ്യണം. ആ ലക്ഷ്യങ്ങൾ നാടിന് വേണ്ടിയുള്ളതാണ്.
ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെ, അഭിവാദ്യങ്ങൾ.
കേരളത്തിനാകെ നിർഭാഗ്യകരമായ അനുഭവങ്ങൾ പകർന്ന സർക്കാരാണ് നമുക്ക് മുമ്പിലുള്ളത്. ഒരു ബദൽ സംവിധാനം കേരളം കൊതിക്കുന്നു. ഒരു പുതിയ പ്രതീക്ഷ. പുതിയ സർക്കാർ. കേരളത്തിലെ ജനങ്ങൾ മനസ്സിൽ കൊത്തിയെടുത്ത ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണം. ആ പ്രതീക്ഷയാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നത്. ജനാധിപത്യവും മതേതരത്വവും അവിഭാജ്യമാണ്.
അതിലേക്കായി ഉത്തരവാദിത്തങ്ങളും ഭാരങ്ങളും നമുക്കൊന്നായി ഏറ്റെടുക്കാം. കഠിനാധ്വാനികളും, അച്ചടക്കമുള്ളവരും, ഐക്യത്തിൽ ആത്മവിശ്വാസം കണ്ടെത്തുന്നവരും ആയി നമുക്ക് വെല്ലുവിളികളെ നേരിടാം. ജനാധിപത്യ മതേതര സങ്കൽപത്തെ ഇല്ലായ്മ ചെയ്യാൻ കേരളത്തിലും അവിശുദ്ധ കൂട്ടുകെട്ടുകൾ പിറക്കുമ്പോൾ ബഹുസ്വരതയുടെ ദീപം അണയാതിരിക്കാൻ നമുക്ക് കൈകൾ കോർത്തു പിടിച്ചു ചേർന്നു നിൽക്കാം.
കേരളത്തിലെ സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസവും ക്ഷേമവും അവസരവും എത്തിക്കുക; ദാരിദ്ര്യവും രോഗവും തൊഴിലില്ലായ്മയും ഫാഷിസവും,വർഗീയതയും ചെറുത്ത് അവസാനിപ്പിക്കുക; സമ്പന്നവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു നാളയെ കെട്ടിപ്പടുക്കുക; ഓരോ പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങൾക്കും നീതിയും ജീവിതത്തിന്റെ പൂർണ്ണതയും ഉറപ്പാക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ നടപ്പാക്കുക തുടങ്ങി ബൃഹത്തായ ലക്ഷ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
നമ്മുടെ പ്രതിജ്ഞ പൂർണമായി പാലിക്കുന്നതുവരെ, കേരളത്തിലെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പാക്കുന്നതുവരെ, നമുക്ക് വിശ്രമിക്കാനാവില്ല. നമ്മൾ എല്ലാവരും, ഏത് മതത്തിൽ പെട്ടവരായാലും, തുല്യ അവകാശങ്ങളും പദവികളും കടമകളുമുള്ളവരാണ് . വർഗീയതയെയോ ഇടുങ്ങിയ ചിന്താഗതിയെയോ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല, കാരണം ചിന്തയിലോ പ്രവൃത്തിയിലോ ഇടുങ്ങിയ ആളുകളുള്ള ഒരു നാടിനും മഹത്തരമാകാൻ കഴിയില്ല.
ജാതിയുടെയോ മതത്തിന്റെയോ പേരിൽ നമ്മളെ ഭിന്നിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കരുത്. എല്ലാ ജാതി മത വിശ്വാസികൾക്കും സമാധാനത്തോടെ താമസിക്കാനും അഴിമതി മുക്തമായതും സ്വജന പക്ഷപാതത്തിന് ഇടമില്ലാത്തതുമായ ഒരു പുതിയ കേരളം നാം പണിയണം.
എല്ലാ ജനാധിപത്യ വിശ്വാസികളോടും, ഈ മഹത്തായ ദൗത്യത്തിൽ വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും അണിചേരാൻ ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിസ്സാരവും വിനാശകരവുമായ വിമർശനങ്ങൾക്കോ, ശത്രുതയ്‌ക്കോ, മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ഉള്ള സമയമല്ല ഇനി നമുക്ക് മുന്നിലുള്ളത്’’


















































