ദുബായ്: ഇന്ത്യൻ സീനിയർ ടീമിന്റെ ഏഷ്യാക്കപ്പുമായി മുങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്സിൻ നഖ്വി ഇന്നു പൊങ്ങി. അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം നേടിയ പാക്കിസ്ഥാൻ ടീമിന് ട്രോഫി സമ്മാനിക്കാനാണ് നഖ്വി എത്തിയത്. എന്നാൽ ഫൈനലിനു ശേഷം നഖ്‌വിയെ ഇന്ത്യൻ അണ്ടർ 19 ടീം ആലുവ മണപ്പുറത്ത് കണ്ട ഭാവംകാണിക്കാതെ അവഗണിച്ചു.
ഇന്ത്യ- പാക് ഫൈനൽ പുരോഗമിക്കുന്നതിനിടെയാണ് നഖ്‌വി ദുബായിലെത്തിയത്. പിന്നാലെ ഇന്ത്യയെ കീഴടക്കി കിരീടം നേടിയ പാക് ടീമിന് ട്രോഫി സമ്മാനിക്കുകയും തുടർന്ന് ടീമിനും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. അതേസമയം നഖ്‌വിയുമായി വേദി പങ്കിടേണ്ടെന്ന് ഇന്ത്യൻ താരങ്ങൾ തീരുമാനിച്ചു. കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനിൽ നിന്ന് ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിച്ചു.
ഇതിനിടെ ക്യാപ്റ്റൻ ഫർഹാൻ യൂസഫിന് ഏഷ്യാ കപ്പ് ട്രോഫി കൈമാറി. അതേസമയം ഇന്ത്യൻ സീനിയർ ടീം നേടിയ ഈ വർഷത്തെ ഏഷ്യാ കപ്പ് കിരീടം ഇതുവരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടീമിന് കൈമാറിയിട്ടില്ല. സെപ്റ്റംബർ 28-ന് നടന്ന ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ സംഘം ഏഷ്യാ കപ്പ് കിരീടം നേടിയത്. എന്നാൽ ഇന്ത്യയെയും ഇന്ത്യൻ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്‌വിയിൽ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ഇക്കാര്യം നേരത്തേ തന്നെ എസിസിയെ അറിയിച്ചിരുന്നു. ഇതോടെ, കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തുകയും ചെയ്തു.
നഖ്വിയല്ലാതെ മറ്റാര് കിരീടം തന്നാലും സ്വീകരിക്കുമെന്ന് ഇന്ത്യ അന്നു പറഞ്ഞിരുന്നു. ഇത് എസിസി അംഗീകരിച്ചില്ല. പാക്കിസ്ഥാന് റണ്ണറപ്പിനുള്ള പുരസ്‌കാരവും മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങളും നൽകിയതോടെ ചടങ്ങ് അവസാനിച്ചതായി അറിയിച്ചു. ഇതിനുശേഷം നഖ്വിക്കൊപ്പംപോയ എസിസി ചടങ്ങുകളുടെ ചുമതലയുള്ളയാൾ ട്രോഫിയും കൊണ്ടുപോകുകയായിരുന്നു. തുടർന്നു നഖ്വിയുടെ ഈ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ രംഗത്തെത്തിയിരുന്നു.





















































