തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കൈവിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നൊരുക്കം നേരത്തെ തുടങ്ങാൻ യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കേണ്ട രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ യോഗം ചേരും. കൂടാതെ തൊഴിലുറപ്പ് ബില്ലും സ്വർണക്കൊള്ളയും ചർച്ചയാക്കാനും സമരം കടുപ്പിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം.
അതേസമയം മുന്നണി വിപുലീകരിക്കാനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി പിവി അൻവറിനെയും സികെ ജാനുവിനെയും മുന്നണിയിൽ ഉൾപ്പെടുത്താനും ധാരണയുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് നാളത്തെ യുഡിഎഫ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളും.
അതുപോലെ സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനും യുഡിഎഫ് ആലോചനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ചേരുന്ന ആദ്യ യോഗമാണ് നാളെ നടക്കാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കുമെന്നാണ് സൂചന.
എന്നാൽ ജനുവരി ആദ്യവാരമായിരിക്കും എൽഡിഎഫ് യോഗം നടക്കുക. ചൊവ്വാഴ്ച നടന്ന എൽഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം ചർച്ചയായിരുന്നില്ല. മുന്നണിയിലെ ഘടകകക്ഷികളോട് ഫലത്തെ വിലയിരുത്താനാണ് മുന്നണി കൺവീനർ ആവശ്യപ്പെട്ടത്. ജനുവരിയിലെ യോഗത്തിൽ പരാജയത്തിന് കാരണമായ ഘടകങ്ങൾ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തൽ നടപടികളിലേക്ക് കടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ നഗരകേന്ദ്രീകൃതമായ 35 മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാനാണ് എൻഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി ആലോചിക്കുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 20% വോട്ട് നേടാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടാൻ എൻഡിഎക്ക് കഴിഞ്ഞിരുന്നില്ലായെന്നത് എൻഡിഎയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.

















































