അബുദാബി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ കൂറ്റൻ വിജയ ലക്ഷ്യം പിൻതുടരുന്ന ഇന്ത്യയ്ക്ക് 5 മുൻനിര ബാറ്റർമാരെ നഷ്ടമായി. 348 റൺസിൻറെ കൂറ്റൻ വിജയലക്ഷ്യം പിൻതുടരുന്ന ഇന്ത്യ 10 ഓവറിൽ 68ന് 5 എന്ന നിലയിലാണ്. 2 റൺസെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രേയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 26 റൺസെടുത്ത ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.വൈഭവ് 10 ബോളിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കമാണ് 26 റൺസ് നേടിയത്.മൂന്നാമതായെത്തിയ മലയാളി താരം ആരോൺ ജോർജ് ഇത്തവണയും രക്ഷകനായെത്തുമെന്ന് കരുതിയെങ്കിലും 16 റൺസെടുത്ത് പുറത്തായി. പിന്നാലെ 7 റൺസെടുത്ത വിഹാൻ മൽഹോത്രയും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലാണ്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 113 പന്തിൽ 172 റൺസെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണർ സമീർ മിൻഹാസിൻറെ ബാറ്റിംഗ് കരുത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു. അതേസമയം അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും വലിയ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 44ാം ഓവറിൽ 307-4 എന്ന ശക്തമായ നിലയിലായിരുന്ന പാക്കിസ്ഥാന് സമീർ മിൻഹാസിൻറെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കൂട്ടത്തകർച്ച നേരിട്ടെങ്കിലും ഇന്നിംഗ്സിലെ അവസാന പന്ത് സിക്സിന് പറത്തി മുഹമ്മദ് സയ്യം പാക്കിസ്ഥാനെ 347ൽ എത്തിച്ചു. 44-ാം ഓവറിൽ ദീപേഷ് ദേവേന്ദ്രൻറെ പന്തിൽ മിൻഹാസ് പുറത്തായതിന് പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ എറിഞ്ഞിട്ട ഇന്ത്യ 347ൽ പാക്കിസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റെടുത്തപ്പോൾ ഖിലൻ പട്ടേലും ഹെനിൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാക്കിസ്ഥാന് നാലാം ഓവറിലെ 14 പന്തിൽ 18 റൺസെടുത്ത ഓപ്പണർ ഹംസ സഹൂറിനെ നഷ്ടമായെങ്കിലും സമീർ മിൻഹാസും ഉസ്മാൻ ഖാനും തകർത്തടിച്ചതോടെ പവർ പ്ലേയിൽ പാക്കിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന മികച്ച നിലയിലെത്തി. ഈ ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ദീപേഷ് ദേവേന്ദ്രനെ പാക്കിസ്ഥാൻ കടന്നാക്രമിച്ചതോടെ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായി. പതിനേഴാം ഓവറിൽ ഖിലൻ പട്ടേൽ ഉസ്മാൻ ഖാനെ(45 പന്തിൽ 35) പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഹമ്മദ് ഹുസൈനും സമീർ മിൻഹാസും ചേർന്ന് 137 റൺസിൻറെ കൂട്ടുകെട്ടിലൂടെ പാക്കിസ്ഥാനെ 260 റൺസിലെത്തിച്ചു. 56 റൺസെടുത്ത അഹമ്മദ് ഹുസൈനെ മടക്കിയ ഖിലൻ പട്ടേലാണ് ഇന്ത്യയ്ക്ക് വീണ്ടും ബ്രേക് ത്രൂ നൽകിയത്.
പിന്നാലെ 105 പന്തിൽ 150 റൺസ് തികച്ച സമീർ മിൻഹാസ് പാക്കിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചു. ദീപക് ദേവേന്ദ്രനെതിരെ തുടർച്ചയായി രണ്ട് സിക്സും ഫോറും പറത്തിയ സമീർ ഇരട്ട സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും ദീപക് ദേവേന്ദ്രൻറെ അടുത്ത പന്തിൽ മിൻഹാസ് പുറത്തായതോടെ പാക്കിസ്ഥാൻ കൂട്ടത്തകർച്ച നേരിട്ടു. പിന്നാലെ ഹസുസൈഫ ഹസനെ(0) കനിഷ്ക് ചൗഹാൻ പുറത്താക്കി. തൻറെ അടുത്ത ഓവറിൽ ഫർഹാൻ യൂസഫിനെ(18 പന്തിൽ 19) ദീപേഷ് ദേവേന്ദ്രൻ പുറത്താക്കി. പിന്നാലെ മുഹമ്മദ് ഷയാനെ(7) ഹെനിൽ പട്ടേലും പുറത്താക്കി. അടുത്ത ഓവറിൽ അബ്ദുൾ സുബാനെ(2) ദീപേഷ് ദേവേന്ദ്രൻ മടക്കിയതോടെ 302-3ൽ നിന്ന് പാക്കിസ്ഥാൻ 327-8ലേക്ക് തകർന്നു. 40 ഓവറിൽ 276-3 എന്ന ശക്തമായ നിലയിലായിരുന്ന പാക്കിസ്ഥാന് അവസാന പത്തോവറിൽ 71 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
















































