അരൂർ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 10.35-ഓടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
കുത്തിയതോടുള്ള മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്നു ചന്ദ്രബാബു. വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. പിന്നാലെ കുടുംബത്തോട് പെട്ടെന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു, കുടുംബം വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ കാർ അഗ്നിക്കിരയായി.
അരൂർ അഗ്‌നിരക്ഷാസേനയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരൂർ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. കാർ കത്തിയതിനു സമീപത്തായി കെഎസ്ഇബിയുടെ ട്രാൻസ്‌ഫോർമറുണ്ടായിരുന്നു. സംഭവമറിഞ്ഞ ഉടൻ കെഎസ്ഇബി അധികൃതർ ട്രാൻസ്‌ഫോർമർ ഓഫാക്കിയതിനാൽ വൻ അപകടം ഒഴിവായി. കാർ കത്തിയതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതപ്പെട്ടു. കാറിൽ ചന്ദ്രബാബുവും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്.

















































