പാലക്കാട് 12th December സമൂഹത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത സാമൂഹിക സംരംഭകരെ ആദരിക്കുന്ന ‘ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025’ ന് ഐ.ഐ.ടി. പാലക്കാട്ടെ അഗോറ ഓഡിറ്റോറിയം വേദിയായി. ഐ.ഐ.ടി. പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
സാമൂഹിക വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ, ഐ.ഐ.ടി. പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രശ്‌നപരിഹാരത്തിന് സാങ്കേതികവിദ്യയുടെ സഹായം എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.ടി.ഐ.എഫ് സി.ഇ.ഒ. ഡോ. സായിശ്യാം നാരായണൻ സ്വാഗതം ആശംസിച്ചു. പരിപാടിയെക്കുറിച്ചുള്ള അവതരണം Dr നാരായണൻ, ബ്യൂമെർക് ഇന്ത്യ ഫൌണ്ടേഷൻ COO യും സോഷ്യൽ ഇനിഷ്യറ്റീവ് തലവനുമായ വിനയരാജ് എന്നിവർ ചേർന്ന് നടത്തി.
മികച്ച മൂന്ന് സംരംഭകരെ തിരഞ്ഞെടുത്തു
അന്തിമ പട്ടികയിൽ ഇടം നേടിയ അഞ്ച് സാമൂഹിക സംരംഭകർ വിദഗ്ധ ജൂറിക്ക് മുമ്പാകെ തങ്ങളുടെ പദ്ധതികൾ അവതരിപ്പിച്ചു. തത്സമയ ചോദ്യോത്തരവേളകൾക്കും വിലയിരുത്തലിനും ശേഷം, 2025-ലെ ബ്യൂമെർക് നവ ദിശ പുരസ്‌കാരത്തിന് അർഹരായ മൂന്ന് വിജയികളെ തിരഞ്ഞെടുത്തു. ശ്രുതി ബാബു, ധന്വന്തരി ബയോമെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്, സൂരജ് കുമാർ ഇൻപാക്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിനയ് ബാലകൃഷ്ണൻ വിആർ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ്, എന്നിവർക്കാണ് നവദിശ പുരസ്കാരം. ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ആർ. ബാലചന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്. “സാമൂഹിക സ്വാധീനമുള്ള കണ്ടുപിടിത്തങ്ങളെ വ്യവസായങ്ങൾ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണ്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ സംരംഭങ്ങൾക്കാണ് നമ്മുടെ സമൂഹത്തെ രൂപാന്തരപ്പെടുത്താനുള്ള ശേഷിയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
10 യുവ സംരംഭകർക്ക് ‘എന്റർപ്രണർ ഇൻ റെസിഡൻസ്’ പദവി
സിൻക്രോൺ ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീറാം ശങ്കരൻ, സാമൂഹിക മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച 10 പേർക്ക് ‘എന്റർപ്രണർ ഇൻ റെസിഡൻസ് (EiR)’ പദവി പ്രഖ്യാപിച്ചു. അഭിഷേക് എം. കജഗർ, അർജുൻ എൻ, അശ്വത് ശിവകുമാർ, ഡോ. ചിദംബരേശ്വരൻ മഹാദേവൻ, ജെറോം പാലിമറ്റം ടോം, നന്ദഗോപൻ കെ, നിഖിൽ പി.എസ്, ഡോ. പ്രവീൺ ജി. പൈ, ഡോ. ശിൽപ നായർ, സിദ്ധാർത്ഥ് രാജഗോപാൽ എന്നിവരാണ് ഈ അംഗീകാരത്തിന് അർഹരായവർ.
ടിസ്സ് ഇൻക്യൂബ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പ്രൊഫ. സത്യജിത് മജുംദാർ, ഐ.ഐ.എം. കോഴിക്കോട്ടെ പ്രൊഫ. വെങ്കിട്ടരാമൻ എസ്. എന്നിവർ ആശംസകൾ നേർന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിലെ വിനിത ജോസഫ് ഫൈനലിസ്റ്റുകളെ ആദരിച്ചു.
‘ദിശ’ (Driving Innovative Solutions for Humanitarian Advancement) പദ്ധതി സാമൂഹിക സംരംഭകർക്ക് മാർഗ്ഗനിർദ്ദേശവും, സാമ്പത്തിക സഹായവും, ദേശീയ തലത്തിലുള്ള പ്ലാറ്റ്‌ഫോമും നൽകി അവരെ പിന്തുണയ്ക്കുന്നു.
















































