കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അതിനാൽ തന്നെ കാണായായുടൻ പെൺകുട്ടി കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
കൂടാതെ ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് 2 പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണിൽ സംസാരിച്ചവരാണ് ഇരുവരും. ബെംഗളരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.















































