നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിലാണ് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർവതി കുറിപ്പ് പങ്കുവെച്ചത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചു പറഞ്ഞ താരം, ‘ഇതാണോ നീതി?’ എന്ന ചോദ്യമുയർത്തി. ‘അവൾക്കൊപ്പം എന്നെന്നും’ എന്ന കുറിപ്പും പാർവതി പങ്കുവച്ചിട്ടുണ്ട്.
‘‘അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരള സമൂഹത്തിൽ സ്ത്രീകൾ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോട് പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു.’’– പാർവതി കുറിച്ചു.
അതേപോലെ കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ എടുത്തുപറഞ്ഞശേഷം ‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് പരിസമാപ്തിവന്നത് ഞങ്ങൾ നോക്കി നിൽക്കുകയാണ്’’ എന്നും പാർവതി കുറിച്ചു.
അതേസമയം വിധിവരുന്നതിനു തൊട്ടുമുൻപ് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ഇങ്ങനെയായിരുന്നു. ദൈവം ഉണ്ടെങ്കിൽ, അത് തെളിയിക്കാൻ ഇന്നൊരു നല്ല ദിവസമാണ്. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും’’…
നടിയായ അതിജീവിതയെ ഓടുന്ന കാറിൽ ആക്രമിച്ച സംഭവത്തിൽ എട്ടു വർഷത്തിനു ശേഷമാണ് ഇന്നു വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസിന്റെ വിധിന്യായത്തിൽ, കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആൻ്റണി, ആർ. മണിക്കണ്ടൻ, വി.പി. വിജേഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും. കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
അതേസമയം അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് എടുത്തതിന്റെ പേരിൽ കരിയറിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്ന താരമാണ് പാർവതി തിരുവോത്ത്. നടിമാരായ റിമ കല്ലിങ്കൽ, രമ്യ കൃഷ്ണൻ, സയനോര ഫിലിപ്പ് തുടങ്ങിയവരും അതിജീവിതയ്‌ക്ക് പിന്തുണയുമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
















































