കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി നാളെ. സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയില്‍നിന്നാണെന്നതും കേസില്‍ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍, നേരിട്ട് പങ്കെടുത്ത ആറുപേരടക്കം പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. നടിയോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം. കേസില്‍ തന്നെ കുടുക്കിയതാണെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ വാദം. വിധി പ്രസ്താവത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ദിലീപ് മുഖ്യമന്ത്രിയ്ക്ക് സന്ദേശം അയച്ചു എന്ന വിവരമാണ് പുറത്തുവന്നത്.
നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷന്‍ വാദം. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി.
ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.


















































