കൊച്ചി: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടന്നതു ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഇതു തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭധാരണത്തിന് നിർബന്ധിച്ചെന്നും പിന്നീട് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് രാഹുലിനെതിരായ പരാതി. താൻ പരാതിക്കാരിയുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ, തങ്ങൾ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെയാണ് അകൽച്ചയുണ്ടായതെന്നും ഹർജിയിൽ പറയുന്നു.
പുറത്തുവന്ന വോയ്സ് ക്ലിപ്പുകൾ പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുന്നതായിരുന്നു. ഇതു പുറത്തുവിട്ടത് താനാണെന്ന് പരാതിക്കാരി സംശയിച്ചു. ആരാണ് ഇത് പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് പരാതിക്കാരി കുറെ നാളത്തേക്ക് അവധി എടുത്തിരുന്നു. തിരികെ പ്രവേശിക്കാൻ എത്തിയപ്പോൾ താനുമായി അടുപ്പത്തിലാണെന്ന് എഴുതി നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരി തന്നോടു പറഞ്ഞിട്ടുണ്ട്.
അതുപോലെ പരാതിക്കാരി വിവാഹിതയായിരുന്നുവെന്നും അകന്ന് കഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാൽ വോയ്സ് ക്ലിപ്പുകൾ ചോർന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോൾ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്. എന്നാൽ, താൻ രാഷ്ട്രീയ പ്രവർത്തകനായതിനാൽ മാധ്യമങ്ങൾ വ്യാപക പ്രചാരണം നൽകി. എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. തങ്ങൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ തന്റെ പക്കലുണ്ട്. എന്നാൽ, പോലീസ് പിന്നാലെയുള്ളതിനാൽ ഇത് ഹാജരാക്കാനാകുന്നില്ലെന്നും രാഹുൽ പറയുന്നു.
ഇപ്പോൾ നടക്കുന്നത് തികച്ചു രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. ഏറെ വൈകിയ പരാതി മുഖ്യമന്ത്രിക്ക് നേരിട്ടാണ് നൽകിയത്. ഇതുവരെ എഫ്ഐആറിന്റെയോ മൊഴിയുടെയോ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ല. വൈകിയുള്ള പരാതിയിൽ പ്രാഥമികാന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ ഒരോ കാര്യങ്ങളും വിശദീകരിക്കാൻ തയ്യാറാണ്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തിൽ പിന്നീട് വിള്ളലുണ്ടായതിന്റെ പേരിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്.
നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി എന്നത് വസ്തുതകളെ തെറ്റായി അവതരിപ്പിക്കാൻ അന്വേഷണ ഏജൻസി പറയുന്നതാണ്. ഇത് സ്ഥാപിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ട്. അതിനാൽ തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ ഉത്തരവിടണമെന്നുമാണ് ഹർജിയിൽ രാഹുൽ ആവശ്യപ്പെടുന്നത്.
അതേസമയം തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി ശനിയാഴ്ച തത്കാലത്തേക്ക് തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ ഡിസംബർ 15ന് വാദം കേൾക്കും. അതേസമയം രണ്ടാമത്തെ പരാതിയിലും രാഹുൽ ജാമ്യഹർജി സമർപ്പിച്ചു, അറസ്റ്റ് തടയണമെന്ന് ഉപഹർജിയും സമർപ്പിച്ചിട്ടുണ്ട്.
















































