ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി അവസരമാക്കിയെടുത്ത് ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധനവ് വരുത്തി മറ്റു വിമാന കമ്പനികൾ. ഇന്ത്യയ്ക്കകത്തു യാത്രചെയ്യണമെങ്കിൽ ഇരട്ടിയിലധികം ചിലവാക്കിയാൽ മാത്രമെ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെ ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്.
അതുപോലെ മുംബൈ പൂനെ ബെംഗളൂരു സർവീസുകളുടെ ടിക്കറ്റ് നിരക്കും വർദ്ധിച്ചു. ഡൽഹി- കൊച്ചി വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ്. അതേസമയം നാളത്തെയും ഞായറാഴ്ചത്തെയും ടിക്കറ്റ് നിരക്കിലാണ് ഈ വർദ്ധനവ് കാണുന്നത്. ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.
ഇന്ന് മാത്രം എഴുനൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സർവീസ് പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്. ദില്ലിയിൽ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള 32 സർവീസുകളും ബെംഗളൂരുവിൽ നിന്നുള്ള 102 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 31 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയിൽ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി.
















































